ന്യൂഡൽഹി: ലക്ഷദ്വീപ് എം.പിയായിരുന്ന മുഹമ്മദ് ഫൈസലിന്റെ കുറ്റവും ശിക്ഷയും കേരള ഹൈകോടതി സ്റ്റേ ചെയ്തതോടെ, അദ്ദേഹത്തിന്റെ എം.പി സ്ഥാനത്തിന് അയോഗ്യത കൽപിച്ച ലോക്സഭ സെക്രട്ടേറിയറ്റിന്റെ നടപടി ഗൗരവതരമായ നിയമപ്രശ്നമായി. ഇക്കാര്യത്തിൽ ഇനി വ്യക്തത വരുത്തേണ്ടത് സുപ്രീംകോടതി.
ഭരണഘടന പ്രകാരം എം.പിയെ അയോഗ്യനാക്കേണ്ടത് യഥാർഥത്തിൽ രാഷ്ട്രപതിയാണ്. ഇതിനുമുമ്പ് രാഷ്ട്രപതി, തെരഞ്ഞെടുപ്പു കമീഷന്റെ അഭിപ്രായം തേടും. എന്നാൽ, മുഹമ്മദ് ഫൈസലിന്റെ കാര്യത്തിൽ ലോക്സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനം ഇറക്കുകയും തൊട്ടുപിന്നാലെ തെരഞ്ഞെടുപ്പു കമീഷൻ ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയുമാണ് ചെയ്തത്.
മുഹമ്മദ് ഫൈസലിനെ 10 വർഷത്തെ കഠിനതടവിന് ശിക്ഷിച്ച വിചാരണ കോടതി നടപടിക്കു തൊട്ടുപിന്നാലെ ലോക്സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനം ഇറക്കിയത് 2013ലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ്. രണ്ടു വർഷത്തിൽ കുറയാത്ത കാലത്തേക്ക് ശിക്ഷിക്കപ്പെട്ടാൽ, ശിക്ഷാവിധി വന്ന തീയതി മുതൽ എം.പി അയോഗ്യനാവുമെന്നാണ് കോടതി വിധിച്ചത്.
അതിനുമുമ്പ് അങ്ങനെയായിരുന്നില്ല വ്യവസ്ഥ. അയോഗ്യനായി രാഷ്ട്രപതി പ്രഖ്യാപിക്കുന്നതുവരെ എം.പിയുടെ പദവി നഷ്ടപ്പെടുമായിരുന്നില്ല. കോടതി വിധിക്കെതിരെ അപ്പീൽ നൽകാനും തുടർനടപടിക്കുമുള്ള സാവകാശം ഇതുവഴി, കുറ്റക്കാരനായി വിധിക്കപ്പെട്ട എം.പിക്ക് കിട്ടിപ്പോന്നു. 2013ലെ സുപ്രീംകോടതി വിധിയോടെ ഇത് ഇല്ലാതായി.
2013ലെ സുപ്രീംകോടതി വിധിവഴി ഉണ്ടായ ഈ ന്യൂനതക്ക് സുപ്രീംകോടതിതന്നെ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് ലോക്സഭ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി അഭിപ്രായപ്പെട്ടു. ലക്ഷദ്വീപ് സീറ്റിൽ ഒഴിവുവന്നുവെന്ന വിജ്ഞാപനമല്ലാതെ യഥാർഥത്തിൽ എം.പി അയോഗ്യനാണെന്ന വിജ്ഞാപനം ഇറക്കാൻ ലോക്സഭ സെക്രട്ടേറിയറ്റിന് അധികാരവുമില്ല.
ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം അസാധുവാക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസൽ നൽകിയ ഹരജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. കേരള ഹൈകോടതി കുറ്റവും ശിക്ഷയും സ്റ്റേ ചെയ്ത സാഹചര്യം ഈ കേസിൽ നിർണായകമാവും. ഹൈകോടതി സ്റ്റേ വന്നതിനാൽ 31ന് ആരംഭിക്കുന്ന പാർലമെന്റ് ബജറ്റ് സമ്മേളനത്തിൽ മുഹമ്മദ് ഫൈസലിന് പങ്കെടുക്കാൻ കഴിയേണ്ടതാണ്.
എന്നാൽ, അയോഗ്യത കൽപിച്ച ലോക്സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനം നിലനിൽക്കുന്നു. ഈ വിഷയത്തിലും സുപ്രീംകോടതി വ്യക്തത വരുത്തേണ്ടതുണ്ട്. അതേസമയം, ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതല്ലാതെ വിജ്ഞാപനം ഇറങ്ങിയിട്ടില്ലെന്നിരിക്കേ, കേരള ഹൈകോടതി വിധിയോടെ തെരഞ്ഞെടുപ്പ് നടത്താനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.