ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഫോണും ഇമെയിലും ചോർത്തുന്നുവെന്ന പരാതിയുമായി പ്രതിപക്ഷ നേതാക്കൾ. കോൺഗ്രസ് നേതാവ് ശശി തരൂർ, കോൺഗ്രസ് മീഡിയ ചെയർപേഴ്സൺ സുപ്രിയ ശ്രീനത്, കോൺഗ്രസ് നേതാവ് പവൻ ഖേര, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എസ്.പി നേതാവ് അഖിലേഷ് യാദവ്, ശിവസേന ഉദ്ദവ് വിഭാഗം നേതാവ് പ്രിയങ്ക ചതുർവേദി, ആം ആദ്മി പാർട്ടി നേതാവ് രാഘവ് ചദ്ദ, എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി, തൃണമൂൽ എം.പി മഹുവ മൊയ്ത്ര എന്നിവരാണ് കേന്ദ്ര സർക്കാറിനെതിരെ രംഗത്തു വന്നത്.
വിവരങ്ങൾ ചോർത്തുന്നുവെന്ന സന്ദേശം ആപ്പിളിൽ നിന്ന് ലഭിച്ചതായാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ചോർത്തൽ വിവരം നേതാക്കൾ എക്സിൽ പോസ്റ്റ് ചെയ്തു.
കോൺഗ്രസ് നേതാവ് രാജീവ് ഗാന്ധിയുടെ ഓഫീസിലെ മൂന്നു പേരുടെ ഫോൺ കോളുകൾ ചേർത്തുന്നുവെന്നും ആരോപണമുണ്ട്. കൂടാതെ, സിദ്ധാർഥ വരദരാജൻ, ശ്രീറാം കർനി എന്നീ മാധ്യമപ്രവർത്തകരുടെ ഫോണും ഇമെയ്‍ലും ചോർത്താൻ ശ്രമം നടന്നതായും പറയുന്നു.
ഇന്നലെ രാത്രി മുതലാണ് ആപ്പിൾ ഫോൺ ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ ചോർത്തുന്നുവെന്ന സന്ദേശം ലഭിക്കാൻ തുടങ്ങിയത്. ഫോണുകൾ ചോർത്തുന്നത് സംബന്ധിച്ച വിവരം ലഭിച്ചതായും വേണ്ട നടപടി സ്വീകരിക്കണമെന്നുമാണ് ആപ്പിളിൽ നിന്നുള്ള സന്ദേശം.
തന്‍റെ ഫോണും ഇ-മെയിലും ചോർത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായി ആപ്പിളിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചതായി തൃണമൂൽ എം.പി മഹുവ മൊയ്ത്ര രാവിലെ ആരോപിച്ചിരുന്നു. ആപ്പിൾ കമ്പനിയിൽ നിന്ന് ലഭിച്ച മുന്നറിയിപ്പ് സന്ദേശവും ഇ-മെയിലും മഹുവ എക്സിൽ പങ്കുവെച്ചു.
സർക്കാർ പിന്തുണയോടെയുള്ള ഹാക്കർമാർ നിങ്ങളുടെ ഐഫോൺ ലക്ഷ്യമിടുന്നുവെന്നാണ് ആപ്പിൾ മഹുവക്ക് നൽകിയ മുന്നറിയിപ്പിൽ പറയുന്നത്. ഹാക്കിങ്ങിനിരയായാൽ ഫോണിലെ നിർണായക വിവരങ്ങൾ കവരാനും കാമറയും മൈക്രോഫോണും വരെ നിയന്ത്രിക്കാനും ഹാക്കർമാർക്ക് സാധിക്കും. മുന്നറിയിപ്പിനെ ഗൗരവത്തോടെ കാണണമെന്നും ആപ്പിൽ മഹുവക്ക് ഇയച്ച ഇ-മെയിൽ സന്ദേശത്തിൽ പറയുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ടാഗ് ചെയ്തു കൊണ്ടുള്ള മഹുവയുടെ എക്സ് പോസ്റ്റിൽ, പ്രധാനമന്ത്രിയുടെയും അദാനിയുടെയും ഭയം കാണുമ്പോൾ സഹതാപമാണ് തോന്നുന്നതെന്ന് മഹുവ പരിഹസിക്കുന്നുണ്ട്. ഇൻഡ്യ സഖ്യത്തിൽ തന്നെ കൂടാതെ പ്രിയങ്ക ഗാന്ധിക്കും മറ്റ് മൂന്നുപേർക്കും സമാനരീതിയിൽ ഹാക്കിങ് മുന്നറിയിപ്പ് ലഭിച്ചതായും മഹുവ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.