മുംബൈ: രാജ്യത്തെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളമായ മുംബൈ രാജ്യാന്തര വിമാനത്താവളത്തിെൻറ 74 ശതമാനം ഒാഹരി അദാനി ഗ്രൂപ് വാങ്ങി. ഹൈദരാബാദ് ആസ്ഥാനമായ ജി.വി.കെ ഗ്രൂപ്പിന് മുംബൈ ഇൻറർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (മിയാൽ) കമ്പനിയിലുള്ള 50.5 ശതമാനവും എയർപോർട്ട് കമ്പനി ഒാഫ് സൗത്ത് ആഫ്രിക്ക, സൗത്താഫ്രിക്കയുടെ ബിഡ്വെസ്റ്റ് ഗ്രൂപ് എന്നിവർക്കുള്ള 23.5 ശതമാനം ഒാഹരിയുമാണ് അദാനി വാങ്ങിയത്. ശേഷിച്ച 26 ശതമാനം ഒാഹരി എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യക്കാണ്.
അബൂദബി ഇൻവെസ്റ്റ്മെൻറ് അതോറിറ്റി (എ.ഡി.െഎ.എ), കാനഡയിലെ പബ്ലിക് സെക്ടർ പെൻഷൻ (പി.എസ്.പി) തുടങ്ങിയ ആഗോളനിക്ഷേപ കമ്പനികൾ നടത്തിയ ഒാഹരി ഏറ്റെടുക്കൽ ശ്രമം അട്ടിമറിച്ചാണ് അദാനിയുടെ നീക്കം. അട്ടിമറിശ്രമങ്ങളെ ആദ്യം എതിർത്ത ജി.വി.കെ ഗ്രൂപ് പിന്നീട് സമ്മർദത്തിന് വഴങ്ങുകയായിരുന്നു. അഴിമതിയുടെ പേരിൽ അന്വേഷണം നടത്തിയ സി.ബി.െഎയും കമ്പനിക്ക് കടം നൽകിയ എസ്.ബി.െഎയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർട്യവും ജി.വി.കെയെ സമ്മർദത്തിലാക്കിയതായാണ് റിപ്പോർട്ട്. 750 കോടി രൂപ വഴിമാറ്റിയെന്നും സർക്കാർ ഭൂമിയിൽ വ്യാജ നിർമാണ കരാറിലൂടെ 350 കോടിയുടെ ബാധ്യതവരുത്തിയെന്നും ആരോപിച്ചാണ് കഴിഞ്ഞ ജൂലൈയിൽ ജി.വി.കെ റെഡ്ഡിക്കും മകൻ സഞ്ജയ് റെഡ്ഡിക്കുമെതിരെ സി.ബി.െഎ കേസെടുത്തത്.
തങ്ങളെ മറികടന്നുള്ള അദാനിയുടെ നീക്കത്തിനെതിരെ കേന്ദ്ര സർക്കാറിെൻറ ഇടപെടൽ വിദേശനിക്ഷേപ കമ്പനികൾ തേടിയെങ്കിലും ഫലമുണ്ടായില്ല. മിയാലിൽ 74 ശതമാനം ഒാഹരി ഏറ്റെടുത്തതോടെ നവിമുംബൈ വിമാനത്താവള നിർമാണ ചുമതലയും അദാനിക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.