മുംബൈ: ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ട് റൺവേകൾ വഴിയുള്ള വിമാന സർവീസുകൾ താൽകാലികമായി നിർത്തിവെച്ചു. ഇന്ന് രാവിലെ 11 മുതൽ വൈകിട്ട് 5 വരെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ആറ് മണിക്കൂറാണ് റൺവേകൾ അടച്ചിടുന്നതെന്ന് വിമാനത്താവള അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
മഴക്കാലത്തിന് ശേഷമുള്ള അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ആർ.ഡബ്ല്യു.വൈ 09/27, ആർ.ഡബ്ല്യു.വൈ 14/32 എന്നീ റൺവേകൾ താൽകാലികമായി അടച്ചത്. ഈ വിവരം ചൂണ്ടിക്കാട്ടി ആറ് മാസം മുമ്പ് എയർമാൻമാർക്ക് വിമാനത്താവള അധികൃതർ നോട്ടീസ് നൽകിയിരുന്നു. കണക്കുകൾ പ്രകാരം മുംബൈ വിമാനത്താവളം വഴി പ്രതിദിനം 900 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്.
കഴിഞ്ഞ മാസം യാത്രക്കാരുടെ എണ്ണം 33 ശതമാനം വർധിച്ച് 1.27 കോടിയിലെത്തിയിരുന്നു. പകർച്ചവ്യാധിക്ക് മുമ്പുള്ള കാലഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ ട്രാഫിക് വളർച്ച 109 ശതമാനമാണ്. അറ്റകുറ്റപ്പണികൾ സുഗമമായി പൂർത്തീകരിക്കുന്നതിന് ഫലപ്രദമായി വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നും സി.എസ്.എം.ഐ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.