മുബൈ: അലഞ്ഞ് തിരിയുന്ന പക്ഷികൾക്കും മൃഗങ്ങൾക്കും ഭക്ഷണം നൽകുന്നതിനെതിരായ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസ്നേഹികൾ സെക്രട്ടേറിയറ്റ് അധികൃതർക്ക് പരാതി നൽകി. അലഞ്ഞുതിരിയുന്ന പക്ഷികൾ, മൃഗങ്ങൾ എന്നിവക്ക് ഭക്ഷണം നൽകുന്നത് നിർത്തണമെന്ന് കാണിച്ച് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് അടുത്തിടെ സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
സെക്രട്ടേറിയറ്റിൽ മൃഗങ്ങൾ പ്രവേശിക്കുന്നത് തടയാൻ ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.സി) അടിയന്തര നടപടി സ്വീകരിക്കണമെന്നും സർക്കുലറിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബർ 26-ന് സർക്കുലർ പുറപ്പെടുവിച്ചതിന് പിന്നാലെ തന്നെ നിരവധിപ്പേർ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ഇത് നിയമ വിരുദ്ധമാണെന്നും മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നത് അവരുടെ അവകാശമാണെന്നും മൃഗസ്നേഹികൾ പറയുന്നു.
സർക്കുലർ പ്രകാരം സെക്രട്ടറിയറ്റിന്‍റെ ഉള്ളിൽ തെരുവ് മൃഗങ്ങൾക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്. കൂടാതെ മൃഗങ്ങൾ പ്രവേശിക്കുന്നത് തടയാൻ സെക്രട്ടറിയറ്റിന്‍റെ ഉദ്യാനത്തിന്റെ പിൻഭാഗത്ത് ഒരു മീറ്റർ നീളമുള്ള ഗ്രിൽ സ്ഥാപിക്കാനും അർസ ഗേറ്റ് ഭാഗത്തെ ചുറ്റുമതിലിന്‍റെ പിൻവശം മുതൽ ഗാർഡൻ ഗേറ്റ് വരെ ഗ്രില്ലിന് മുകളിൽ വല സ്ഥാപിക്കാനും പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.
80ൽ അധികം പൂച്ചകളും 20ൽ അധികം നായകളും നിലവിൽ സെക്രട്ടേറിയറ്റിൽ താമസിക്കുന്നുണ്ടെന്ന് മൃഗ സ്നേഹികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.