മുംബൈ: മുംബൈയിലെ ദാദർ റെയിൽവേ സ്‌റ്റേഷനിൽ ബാഗിനുള്ളിൽ മൃതദേഹം കണ്ടെത്തി. കൊലപാതകത്തിന് ശേഷം ട്രെയിനിൽ മൃതദേഹം കൊണ്ടുപോകാൻ ശ്രമിച്ച രണ്ട് പ്രതികളെ മുംബൈ പൊലീസ് പിടികൂടി.
തിങ്കളാഴ്ച പുലർച്ചെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (ആർ.പി.എഫ്) ഗവൺമെന്‍റ് റെയിൽവേ പൊലീസും (ജി.ആർ.പി) ലഗേജ് പരിശോധന നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ജയ് പ്രവീൺ ചാവ്ദ, ശിവജീത് സുരേന്ദ്ര സിങ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലിൽ കൊലപാതകം നടന്നത് പൈഡുണി പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്ന് വ്യക്തമായി. പൊലീസ് പറയുന്നതനുസരിച്ച് കൊല്ലപ്പെട്ട അലി ഷെയ്ഖുമായി പ്രതികൾക്ക് ഒരു സ്ത്രീ സുഹൃത്തിനെ ചൊല്ലി ഉണ്ടായിരുന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകത്തിന് ശേഷം മൃതദേഹം സംസ്‌കരിക്കാനായി തുതാരി എക്‌സ്പ്രസ് ട്രെയിനിൽ പോകാനായിരുന്നു പ്രതികൾ പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ദാദർ റെയിൽവേ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളിൽ ഒരാളെ റെയിൽവേ സ്റ്റേഷനിൽ വെച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. മറ്റൊരാൾ രക്ഷപ്പെട്ടെങ്കിലും പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ടു. കൊല്ലപ്പെട്ടയാളും പ്രതികളും ആംഗ്യഭാഷയിൽ ആശയവിനിമയം നടത്തുന്നവരാണ്. ചോദ്യം ചെയ്യലിൽ സഹായിക്കാൻ പൊലീസ് ആംഗ്യഭാഷാ വിദഗ്ധനെ നിയോഗിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.