മുംബൈയിൽ ബുർഖ ധരിച്ചെത്തിയ വിദ്യാർഥിനികൾക്ക് പ്രവേശനം നിഷേധിച്ച് കോളേജ്

മുംബൈ: ബുർഖ ധരിച്ചെത്തിയ വിദ്യാർഥിനികൾക്ക് പ്രവേശന വിലക്കേർപ്പെടുത്തി മുംബൈയിലെ കോളേജ്. ചെമ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.ജി ആചാര്യ & ഡി.കെ മറാതെ കോളേജിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കോളേജിന് വ്യക്തമായ യൂണിഫോം കോഡ് ഉണ്ടെന്നും അത് കൃത്യമായി പാലിക്കാതെ പ്രവേശനാനുമതി നൽകാനാകില്ലെന്ന് ചൂണ്ടിക്കാട്ടി സെക്യൂരിറ്റി ഗാർഡുകൾ വിദ്യാർഥിനികളെ ഗേറ്റിന് മുന്നിൽ തടയുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

വിദ്യാർഥിനികളുടെ രക്ഷിതാക്കളും കോളേജ് അധികൃതരും തമ്മിൽ സംഘർഷമുണ്ടയതോടെ പൊലീസ് സ്ഥലത്തെത്തി ഇരുവഭാഗവുമായി ചർച്ച നടത്തി. ബുർഖ ഒഴിവാക്കാൻ തയ്യാറാണെന്നും പകരം സ്കാർഫ് ധരിക്കാൻ അനുവദിക്കണമെന്നും വിദ്യാർഥിനികൾ അധികൃതരോട് ആവശ്യപ്പെട്ടു. ഇത് അധികൃതർ കൂടിയാലോചിച്ച് അനുമതി ലഭിച്ച ശേഷമാണ് വിദ്യാർഥിനികളെ കോളേജിൽ പ്രവേശിപ്പിച്ചത്. വിദ്യാർഥിനികളെ തടയുന്നതിന്‍റെ ദൃശ‍്യങ്ങളും ഇതിനിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

അതേസമയം മെയ് ഒന്നിന് രക്ഷിതാക്കളുമായി നടത്തിയ യോഗത്തിൽ കോളേജിൽ ഹിജാബ്, ബുർഖ, സ്കാർഫ് തുടങ്ങിയവ നിരോധിക്കുന്നതിനെ കുറിച്ച് ചർച്ച നടത്തിയിരുന്നുവെന്നും അന്ന് വിഷയം അംഗീകരിച്ചവർ ഇന്ന് പ്രതിഷേധിക്കുകയാണെന്നും പ്രിൻസിപ്പാൽ വിദ്യ ഗൗരി ലെലെ പറഞ്ഞു.

മതാചാരമായതിനാൽ ബുർഖ, ഹിജാബ് എന്നിവ ധരിക്കാതെ വരുന്നതിൽ തങ്ങൾക്ക് പ്രയാസമുണ്ടെന്ന് വിദ്യാർഥികൾ അറിയിച്ചു. ഇതോടെ വിദ്യാർഥിനികൾക്ക് മതവിശ്വാസപ്രകാരമുള്ള വസ്ത്രങ്ങൾ ധരിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള പുതിയ ഉത്തരവ് കോളേജ് പുറത്തുവിട്ടിട്ടുണ്ട്. കോളേജിലേക്ക് ബുർഖ, ഹിജാബ് എന്നിവ ധരിച്ച് പ്രവേശിക്കാമെന്നും എന്നാൽ ക്ലാസ്മുറിക്കുള്ളിൽ ഇവ ധരിക്കരുതെന്നുമാണ് പുതുക്കിയ ഉത്തരവ്. 

Tags:    
News Summary - Mumbai college bans students wearing hijab from entering to the campus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.