മുംബൈ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. ബാബ സിദ്ദീഖിയെ കൊലപ്പെടുത്തിയത് പോലെ കൊല്ലുമെന്നാണ് ഭീഷണി സന്ദേശം. മുംബൈ പൊലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. 10 ദിവസത്തിനകം പദവി രാജിവെച്ചില്ലെങ്കിൽ ബാബ സിദ്ദീഖിയെ കൊലപ്പെടുത്തിയത് പോലെ കൊല്ലുമെന്നാണ് ഭീഷണി.
ഭീഷണി സന്ദേശത്തിൽ അന്വേഷണം തുടങ്ങിയെന്ന് മഹാരാഷ്ട്ര പൊലീസ് അറിയിച്ചു. ഭീഷണിയുടെ പശ്ചാത്തലത്തിൽ യു.പി മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. മുംബൈ ട്രാഫിക് കൺട്രോൾ സെല്ലിനാണ് ഭീഷണി കോൾ ലഭിച്ചത്. അജ്ഞാത നമ്പറിൽ നിന്നും ശനിയാഴ്ച വൈകീട്ടായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്.
മകൻ സീഷാൻ സിദ്ദീഖിയുടെ ഓഫീസിന് മുന്നിൽവെച്ചാണ് ബാബ സിദ്ദീഖി വെടിയേറ്റ് മരിച്ചത്. ദസ്റക്ക് പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു വെടിവെപ്പ് ഉണ്ടായത്. ഒക്ടോബർ 12ാം തീയതിയായിരുന്നു വെടിവെപ്പ് നടന്നത്. കൊലപാതകം നടന്ന് 19 ദിവസങ്ങൾ പിന്നിട്ടിട്ടും കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താൻ കഴിയാതെ മുംബൈ ക്രൈംബ്രാഞ്ച് ബുദ്ധിമുട്ടുകയാണ്. കേസിൽ മുഖ്യപ്രതി സുജിത് സിങ് ഉൾപ്പടെ 15 പ്രതികളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും കൊലപാതക കാരണം ദുരൂഹമായി തുടരുകയാണ്.
“എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണ്. അന്വേഷണത്തിന് ശേഷം മാത്രമേ കാരണം വെളിപ്പെടുത്താൻ കഴിയൂ. രണ്ട് പ്രധാന പ്രതികൾ ഇപ്പോഴും ഒളിവിലാണ്. അവർ പിടിയിലാകുന്നത് വരെ ക്രൈംബ്രാഞ്ചിന് കൊലപാതകത്തിന്‍റെ കാരണം കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടാണെന്ന് മുംബൈ ക്രൈംബ്രാഞ്ച് ജോയിന്‍റ് പൊലീസ് കമീഷണർ ലക്ഷ്മി ഗൗതം പറഞ്ഞിരുന്നു. ബിഷ്‌ണോയ് സംഘത്തിന്‍റെ പങ്ക് പുറത്തുവന്നെങ്കിലും ബാബ സിദ്ദീഖിയുടെ കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം പുറത്തുവരാൻ എത്രനാൾ വേണ്ടിവരുമെന്ന് കണ്ടറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.