മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പാർക്കിൽ നടന്ന യുവാവിൽ നിന്നും പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് അഭിഭാഷകരും സ്ത്രീയുമുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. പെൺകുട്ടിയുമായി പാർക്കിൽ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പണം നൽകാത്ത പക്ഷം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്നുമായിരുന്നു സംഘത്തിന്റെ ഭീഷണി. 30000 രൂപയാണ് പ്രതികൾ കുട്ടിയുടെ സഹോദരനിൽ നിന്നും ആവശ്യപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ ജീവിതം നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. പട്രോളിങ്ങിനെത്തിയ പൊലീസാണ് കുട്ടികളുമായി സംഘം തർക്കിക്കുന്നത് കണ്ടത്. പിന്നാലെ ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.
തിങ്കളാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. ആകാശ് ആധവ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാളിൽ നിന്നും കുട്ടിയുടെ സഹോദരന് ഫോൺ കാൾ ലഭിച്ചിരുന്നു. തന്റെ പതിനേഴുകാരനായ സഹോദരനെ 15 വയസ്സുള്ള പെൺകുട്ടിക്കൊപ്പം കണ്ടുവെന്നും സംഭവസ്ഥലത്തേക്ക് പൊലീസ് എത്തുന്നുണ്ടെന്നുമായിരുന്നു പ്രതി പറഞ്ഞത്. സംഭവത്തിന് പിന്നാലെ കുട്ടിയുടെ സഹോദരനും അമ്മയും പാർക്കിലെത്തിയിരുന്നു.
ആകാശ് കുടുംബത്തോട് വിവരങ്ങൾ വിശദീകരിച്ചശേഷം കുട്ടിയെ ജയിലിലടക്കുമെന്ന് ഉറപ്പാക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ജയിലിലാകാതിരിക്കാൻ പണം വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. 30000 രൂപയായിരുന്നു സംഘം ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് 16000 രൂപയിലേക്ക് ചുരുക്കുകയായിരുന്നു. 1500 രൂപ കുട്ടിയുടെ സഹോദരൻ പ്രതികൾക്ക് കൈമാറി. ബാക്കി പണം അടുത്ത ദിവസം നൽകാമെന്നും ഉറപ്പ് നൽകി. ഇതിനിടെയാണ് പൊലീസ് വാഹനം സ്ഥലത്തെത്തുന്നത്.
ഇരു സംഘങ്ങളും തർക്കിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് ഇവർക്കരികിലെത്തി വിഷയം തിരക്കുകയായിരുന്നു. പിന്നാലെ പ്രതികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ പ്രതികൾ ഇത്തരത്തിൽ മുമ്പും പണം തട്ടിയതായി കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.