ബോളിവുഡിനെ മഹാരാഷ്ട്രക്ക് പുറത്തു കൊണ്ടുപോകാനുള്ള ബി.ജെ.പി നീക്കമാണ് മയക്കുമരുന്ന് കേസെന്ന് നവാബ് മാലിക്

മുംബൈ: ബോളിവുഡിനെ മഹാരാഷ്ട്രക്ക് പുറത്തേക്ക് കൊണ്ടുപോകാനുള്ള ബി.ജെ.പി നീക്കം മാത്രമാണ് ആര്യൻ ഖാൻ പ്രതിയായ ആഡംബരക്കപ്പൽ ലഹരിക്കേസെന്ന് മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്. ബോളിവുഡിനെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണ് ഇപ്പോൾ നടത്തിയതെന്നും നവാബ് മാലിക് ആരോപിച്ചു. എൻ.സി.ബി സോണൽ ഓഫിസർ സമീർ വാങ്കഡെയെ ഉപയോഗിച്ചാണ് ബി.ജെ.പി നീക്കം നടത്തുന്നത്. സമീർ വാങ്കഡെ‍യെ എൻ.സി.ബി തലപ്പത്ത് നിയോഗിച്ചത് ഫഡ്നാവിസിന്‍റെ ഇടപെടലിലൂടെയാണെന്നും മാലിക് ആരോപിച്ചു.

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിനെതിരെയും രൂക്ഷമായ ആരോപണമാണ് നവാബ് മാലിക് ഉന്നയിച്ചത്. മയക്കുമരുന്ന് കച്ചവടക്കാരനായ വ്യക്തിയും ഫഡ്നാവിസും തമ്മിൽ ബന്ധമുണ്ടെന്ന് ആരോപിച്ച മാലിക് ഇതിന്‍റെ തെളിവുകളും പുറത്തുവിട്ടു.


മയക്കുമരുന്ന് കച്ചവടക്കാരനെന്ന് പറയപ്പെടുന്ന ജയദീപ് റാണ എന്നയാളും ഫഡ്നാവിസും ഒരുമിച്ചുള്ള ഫോട്ടോയാണ് നവാബ് മാലിക് പുറത്തുവിട്ടത്.

ഫഡ്നാവിസിന്‍റെ ഭാര്യ അമൃത ഫഡ്നാവിസിന്‍റെ പ്രൊജക്ടുമായി ബന്ധപ്പെട്ട് 2018ൽ എടുത്തതാണ് ഫോട്ടോ. പ്രൊജക്ടിന് സാമ്പത്തിക സഹായം നൽകുന്നത് ജയദീപ് റാണയാണെന്ന് പറഞ്ഞ നവാബ് മാലിക് ഇതിന്‍റെ തെളിവുകളും പുറത്തുവിട്ടിരുന്നു. ജയദീപ് റാണ ഇപ്പോൾ മയക്കുമരുന്ന് കേസിൽ ജയിലിലാണ്. ഫഡ്നാവിസിന്‍റെ ഭരണകാലത്താണ് മഹാരാഷ്ട്രയിൽ മയക്കുമരുന്ന് വ്യാപാരം വളർന്നതെന്നും മാലിക് ആരോപിച്ചു.

നവാബ് മാലിക്കിന്‍റെ അധോലോക ബന്ധം ദീപാവലിക്ക് പിന്നാലെ പുറത്തുകൊണ്ടുവരുമെന്ന് ഫഡ്നാവിസ് വെല്ലുവിളിച്ചിരുന്നു. ഈ വെല്ലുവിളി ഏറ്റെടുക്കുന്നതായും മാലിക് വ്യക്തമാക്കി.

നവാബ് മാലിക്കിന്‍റെ അധോലോക ബന്ധം പുറത്തുകൊണ്ടുവരുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: ആര്യൻ ഖാൻ പ്രതിയായ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ആരോപണ പ്രത്യാരോപണങ്ങൾ രൂക്ഷമായി തുടരവേ, മഹാരാഷ്ട്രയിലെ ഭരണ-പ്രതിപക്ഷം തമ്മിലുള്ള പോരാട്ടത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്കിന് അധോലോക നേതാക്കളുമായുള്ള ബന്ധം പുറത്തുകൊണ്ടുവരുമെന്ന് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. സംശയനിഴലിലുള്ള നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഓഫിസർ സമീർ വാങ്കഡെക്കെതിരെ നവാബ് മാലിക് നിരന്തരം ആരോപണമുന്നയിച്ചിരുന്നു.

മയക്കുമരുന്ന് കച്ചവടക്കാരനെന്ന് പറയപ്പെടുന്ന ജയദീപ് റാണ എന്നയാളുമൊത്തുള്ള ഫഡ്നാവിസിന്‍റെ ഫോട്ടോ നവാബ് മാലിക് പുറത്തുവിട്ടിരുന്നു. ഫഡ്നാവിസിന്‍റെ ഭാര്യ അമൃത ഫഡ്നാവിസിന്‍റെ പ്രൊജക്ടുമായി ബന്ധപ്പെട്ട് 2018ൽ എടുത്തതാണ് ഫോട്ടോ. പ്രൊജക്ടിന് സാമ്പത്തിക സഹായം നൽകുന്നത് ജയദീപ് റാണയാണെന്നായിരുന്നു നവാബ് മാലിക് ആരോപിച്ചത്.

എന്നാൽ, ജയദീപ് റാണയുമായി തനിക്ക് ബന്ധമുണ്ടെന്ന വാദം ദേവേന്ദ്ര ഫഡ്നാവിസ് നിഷേധിച്ചു. റിവർ മാർച്ച് എന്ന സംഘടനയുടെ ഭാഗമായി വന്ന ഒരാളാണ് നവാബ് മാലിക് ട്വീറ്റ് ചെയ്ത ചിത്രത്തിലുള്ളതെന്ന് ഫഡ്നാവിസ് പറഞ്ഞു. 'ചിത്രത്തിലുള്ള വ്യക്തി എല്ലാവരുടെയും കൂടെ നിന്ന് ചിത്രം എടുത്തിരുന്നു. എന്‍റെ ഭാര്യയുടെ കൂടെയും എന്‍റെ കൂടെയും ചിത്രമെടുത്തു. എന്‍റെ ഭാര്യ ഒരു സാമൂഹിക പ്രവർത്തകയാണ്. എന്നെ ആക്രമിക്കാൻ വഴിയില്ലാതായപ്പോൾ ഭാര്യയെ ആക്രമിക്കുകയാണ്. മാന്യത കൈവിടാൻ ഞാൻ തയാറല്ല, എങ്കിലും ഇതിന് തക്കതാ‍യ മറുപടി നൽകും -ഫഡ്നാവിസ് പറഞ്ഞു.

നവാബ് മാലിക്കിന്‍റെ അധോലോക ബന്ധങ്ങൾ ഞാൻ ഉടനെ പുറത്തുവിടും. മാലിക്കാണ് ഈ കളി തുടങ്ങിയത്. ദീപാവലി കഴിയാൻ കാത്തിരിക്കൂ.

മരുമകനെതിരായ കേസ് ലഘൂകരിക്കാനായാണ് നവാബ് മാലിക് ഇത്തരം ആരോപണങ്ങളിലൂടെ ശ്രമിക്കുന്നത്. എല്ലാ കാര്യങ്ങളും ഞാൻ പുറത്തുകൊണ്ടുവരും. തെളിവില്ലാത്ത ഒരു കാര്യവും ഞാൻ പറയാറില്ല -ഫഡ്നാവിസ് പറഞ്ഞു.

Tags:    
News Summary - Mumbai cruise drugs case is nothing but BJP's bid to move Bollywood out of Maharashtra.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.