മുംബൈ: നഗരത്തോടു ചേർന്ന ഗോറിഗാവ് വെസ്റ്റിൽ കഴിഞ്ഞ ദിവസം ആൾക്കൂട്ടം നോക്കിനിൽക്കെ 36കാരനായ ട്രാൻസ്ജെൻഡറെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് തിരിച്ചറിഞ്ഞ പ്രതികളുടെ പ്രായം 17നും 19നുമിടയിൽ. കൊല്ലപ്പെട്ട സുരേഷ് മസ്തൂദിെൻറ ഒരു സുഹൃത്തിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്. പ്രതിപ്പട്ടികയിലെ ഒന്നോ രണ്ടോ പേർ കൗമാരക്കാരായതിനാൽ തിരക്കിട്ട് അറസ്റ്റ് ചെയ്യുകയില്ലെന്ന് പൊലീസ് പറഞ്ഞു.
കുട്ടികളെ മൂന്നു വർഷത്തിൽ കൂടുതൽ ജയിലിലിടാൻ നിയമം അനുവദിക്കാത്തതിനാൽ ഇവരെ ഉപയോഗിച്ച് വാടകക്കൊലയാണ് നടന്നതെന്നാണ് നിഗമനം. രണ്ടു പേരെ കാണാനായി ഒരു റസ്റ്റൊറൻറിൽ എത്തി മടങ്ങുംവഴിയാണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകം. പുതുതായി റിയൽ എസ്റ്റേറ്റിൽ സജീവമായ രണ്ടുപേരെയായിരുന്നു കണ്ടത്. നേരത്തെ സാമൂഹിക സേവന രംഗത്ത് സജീവമായ മസ്തൂദുമായി സഹകരിച്ച് ഇരുവരും ഇതേ സേവനം ആരംഭിക്കുന്നത് ചർച്ച ചെയ്യുകയായിരുന്നു ലക്ഷ്യം. രാജേഷ് യാദവ് എന്ന സുഹൃത്തുമൊന്നിച്ച് സ്കൂട്ടറിൽ എത്തിയ മസ്തൂദ് ഇരുവരെയും കണ്ട് മടങ്ങുംവഴി മൂന്നു പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. ഹാമർ ഉപയോഗിച്ച് തലക്കടിയേറ്റു വീണ മസ്തൂദിന് ഹാമർ ഉപയോഗിച്ച് നെഞ്ചിലും ഇടിയേറ്റു. കത്തികൊണ്ട് കുത്തുകയും ചെയ്താണ് സംഘം രക്ഷപ്പെട്ടത്.
സ്വർണാഭരണ പ്രിയനായ മസ്തൂദിെൻറ ശരീരത്തിൽ ആ സമയത്തും ആഭരണങ്ങളുണ്ടായിരുന്നു. ഇവ തട്ടിയെടുക്കാനാകാം ആക്രമണമെന്നാണ് ആദ്യം കരുതിയത്. എന്നാൽ, ആഭരണങ്ങൾ കൊണ്ടുപോയില്ലെന്ന് ബോധ്യമായി. കൂടെവന്ന യാദവ് സംഭവ സ്ഥലത്തുനിന്ന രക്ഷപ്പെട്ടശേഷം മൊബൈൽ ഫോൺ സ്വിച്ചോഫ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.