ബോളിവുഡ് താരം സൽമാൻ ഖാന്റെ സുഹൃത്തും എൻ.സി.പി (അജിത്) നേതാവുമായ ബാബ സിദ്ദീഖിന്റെ, നടുക്കുന്ന കൊലപാതകവുമായി ബന്ധപ്പെട്ട് സംവിധായകൻ രാംഗോപാൽ വർമയുടെ ‘എക്സ്’ പോസ്റ്റ് സിനിമ-രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി.
സൽമാനെ വകവരുത്തുമെന്ന് പ്രഖ്യാപിച്ച, ഇപ്പോൾ ജയിലിലുള്ള ലോറൻസ് ബിഷ്‍ണോയ് എന്ന ഗുണ്ടാത്തലവന്റെ സംഘമാണ് കഴിഞ്ഞദിവസം ബാബ സിദ്ദീഖിനെ കൊലപ്പെടുത്തിയതെന്ന് അവർതന്നെ പ്രഖ്യാപിച്ചിരുന്നു. തങ്ങൾ ആരാധിക്കുന്ന കൃഷ്ണമൃഗത്തെ വെടിവെച്ചുകൊന്ന സൽമാൻ ആണ് മുഖ്യ ലക്ഷ്യമെന്നും സംഘത്തിന്റെ പേരിൽ വന്ന പ്രസ്താവന പറയുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവന്ന വിവരങ്ങളുടെ അവിശ്വസനീയതയാണോ സിനിമയെക്കാൾ അമ്പരപ്പിക്കുന്ന യാഥാർഥ്യമാണോ, എന്താണ് രാംഗോപാൽ വർമ ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. ഒട്ടേറെ ഗാങ്സ്റ്റർ ചിത്രങ്ങളൊരുക്കിയ ‘രാമു’, ചില സംശയങ്ങളിലേക്ക് വിരൽചൂണ്ടുകയാണെന്നാണ് അഭിപ്രായമുയരുന്നത്.
‘ഗുണ്ടാത്തലവനായി മാറിയ അഭിഭാഷകൻ, ഒരു മാനിനെ കൊന്ന ഒരു സൂപ്പർ സ്റ്റാറിനെ കൊലപ്പെടുത്താൻ നിശ്ചയിക്കുന്നു. ഇതിനായി, ഫേസ്ബുക്കിലൂടെ റിക്രൂട്ട് ചെയ്ത എഴുന്നൂറോളം വരുന്ന തന്റെ സംഘത്തിന് ഉത്തരവു നൽകിയതായി ഇയാൾ പ്രഖ്യാപിക്കുന്നു. സംഘം ആദ്യം, താരത്തിന്റെ അടുത്ത സുഹൃത്തായ ഒരു വലിയ രാഷ്ട്രീയക്കാരനെ കൊലപ്പെടുത്തുന്നു. പൊലീസിന് പക്ഷേ, ഗുണ്ടാത്തലവനെ പിടികൂടാൻ സാധിക്കുന്നില്ല, കാരണം അയാൾ സർക്കാർ സംരക്ഷണത്തിലാണ്, അതായത് ജയിലിൽ. കാര്യങ്ങൾ പുറത്തറിയിക്കുന്നത് തലവന്റെ, വിദേശത്തുള്ള വക്താവും’ -ഒരു തിരക്കഥാകൃത്ത് ഇത്തരമൊരു കഥയുമായി വരികയാണെങ്കിൽ നിർമാതാക്കൾ അയാളെ അടിച്ചോടിക്കുമായിരുന്നു. തങ്ങൾ കണ്ട ഏറ്റവും അബദ്ധം നിറഞ്ഞതും അവിശ്വസനീയവുമായ തിരക്കഥയാണെന്നായിരിക്കും നിർമാതാക്കൾ പറയുക എന്നു പറഞ്ഞാണ് രാംഗോപാൽ വർമ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.