ആരാണ് ഈ സ്റ്റൈലൻ പയ്യൻ?

കൂളിംഗ് ഗ്ലാസണിഞ്ഞ് ‌ഗൗരവ മുഖഭാവത്തിൽ ഇരിക്കുന്ന ഈ ചെറുപ്പക്കാരനെ കണ്ടിട്ട് തിരിച്ചറിയാനാവുന്നുണ്ടോ?

ഗുജ‌റാത്ത് സ്വദേശിയാണെന്നും മുർത്തസ അലി എന്നാണ് പേരെന്നും പറഞ്ഞാൽ അധികപേർക്കും അറിയണമെന്നില്ല, എന്നാൽ 20 വർഷം മുമ്പ് 'മാധ്യമം' പ്രസിദ്ധീകരിച്ച മുർത്തസയുടെ ചിത്രം ഒരു നോക്ക് കണ്ടാൽ പിന്നെ അറിയാത്തവരൊട്ടുണ്ടാവുകയുമില്ല.


2001ലെ റിപബ്ലിക് ദിനത്തിൽ ഇന്ത്യയെ നടുക്കിയ ഗുജറാത്ത് ഭൂകമ്പത്തെ അതിജീവിച്ച അത്ഭുത ബാലനാണ് മുർത്തസ. ആയിരക്കണക്കിന് പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തിൽ തകർന്നടിഞ്ഞു വീണ കെട്ടിടങ്ങളുടെ അവശി ഷ്ടങ്ങൾക്കുള്ളിൽ നിന്നാണ് അമ്മയുടെ മാറത്ത് പറ്റിച്ചേർന്നു കിടന്ന കുഞ്ഞിനെ രക്ഷാപ്രവർത്തകർ കണ്ടെടുത്തത്.


മാതാപിതാക്കളും ഉറ്റ ബന്ധുക്കളുമെല്ലാം മരണപ്പെട്ടിരുന്നു. കുഞ്ഞ് ദേഹത്ത് ചെറിയ മുറിവുകളേറ്റതൊഴികെ പൂർണ സുരക്ഷിതനായിരുന്നു മുർത്തസ. കുഞ്ഞിന്റെ ചിത്രം സഹിതം മാധ്യമം പ്രസിദ്ധീകരിച്ച വാർത്ത കണ്ട് നിരവധി വായനക്കാരാണ് ദത്തെടുത്ത് സംരക്ഷിക്കാൻ താല്പര്യം പ്രകടിപ്പിച്ചു മുന്നോട്ട് വന്നത്.



മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട കുട്ടിയുടെ ലക്ഷങ്ങൾ വരുന്ന ആശുപത്രി ബിൽ അജ്ഞാതരായ മനുഷ്യ സ്നേഹികളാരോ അടച്ചു. ബന്ധുക്കൾ തന്നെ ഏറ്റെടുത്ത് മകനെപ്പോലെ വളർത്തി മുർത്തസയെ. ഭാഗ്യവാനായ കുട്ടിയെ നാട്ടുകാർ വിളിച്ചിരുന്നത് ലക്കി അലി എന്നാണ്.

വർഷങ്ങൾക്ക് ശേഷം മാധ്യമം മുർത്തസയെ അന്വേഷിച്ചു ചെന്ന് ചിത്രങ്ങളും വിശേഷങ്ങളും വായനക്കാരെ അറിയിച്ചിരുന്നു. പഠനവും മോഡലിംങും ബിസിനസ്സുമെല്ലാമായി ഭുജിൽ സജീവമാണ് ലക്കി അലി ഇപ്പോൾ.











 


 


 


 



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.