ചെന്നൈ: ഖുൽഅ് വഴി വിവാഹമോചനത്തിന് മുസ്‍ലിം സ്ത്രീകൾ ശരീഅത്ത് കൗൺസിൽ പോലുള്ള സ്വകാര്യ സംവിധാനങ്ങളെയല്ല, കുടുംബ കോടതികളെ സമീപിക്കണമെന്ന് മദ്രാസ് ഹൈകോടതി.
ഇസ്ലാമിൽ സ്ത്രീക്ക് വിവാഹമോചനം ചെയ്യാൻ സാധിക്കുന്ന ഒരു പ്രക്രിയയാണ് ഖുൽഅ്. വിവാഹമൂല്യമായി വരൻ നൽകിയ മഹർ തിരികെ നൽകിയാണ് ഇത് സാധ്യമാകുന്നത്.
ഖുൽഅ് വഴി വിവാഹമോചനം പ്രഖ്യാപിക്കാനോ സാക്ഷ്യപ്പെടുത്താനോ സ്വകാര്യ സ്ഥാപനങ്ങൾക്ക് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ശരീഅത്ത് കൗൺസിലുകൾ കോടതികളോ തർക്കങ്ങളിലെ മധ്യസ്ഥരോ അല്ല. ഇത്തരം സ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ അസാധുവാണെന്നും കോടതി വ്യക്തമാക്കി.
തന്റെ ഭാര്യക്ക് ശരീഅത്ത് കൗൺസിൽ നൽകിയ ഖുൽഅ് സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരു വ്യക്തി നൽകിയ റിട്ട് ഹരജിയിലാണ് കോടതിയുടെ വിധി. ജസ്റ്റിസ് സി. ശരവണനാണ് വിധി പ്രഖ്യാപിച്ചത്. 2017 ൽ തമിഴ്‌നാട് തൗഹീദ് ജമാഅത്ത് ശരീഅത്ത് കൗൺസിൽ നൽകിയ സർട്ടിഫിക്കറ്റ് കോടതി റദ്ദാക്കി.
തർക്കങ്ങൾ പരിഹരിക്കാൻ തമിഴ്‌നാട് ലീഗൽ സർവീസസ് അതോറിറ്റിയെയോ കുടുംബകോടതിയെയോ സമീപിക്കാൻ ഹരജിക്കാരനോടും ഭാര്യയോടും ഹൈകോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.