ശ്രീനഗർ: രാജ്യത്ത് എല്ലാവരും ജനിക്കുന്നത് ഹിന്ദു പാരമ്പര്യവുമായാണെന്നും ഇവിടുത്തെ മുസൽമാന്മാർ മതപരിവർത്തനം നടത്തിയവരാണെന്നും മുൻ കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ്. ഗുലാംനബി ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുന്ന വിഡിയോയിലാണ് ഈ പരാമർശങ്ങളുള്ളത്. പ്രസംഗം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
‘ഇസ്‍ലാം മതം 1500 വർഷങ്ങൾക്കുമുമ്പാണ് ഉദയം കൊണ്ടത്. ഹിന്ദുയിസം ഏറെ പുരാതനമായ കാലം മുതലുണ്ട്. ചില മുസ്‍ലിംകൾ പുറത്തുനിന്ന് വന്ന് മുഗൾ സൈന്യത്തിൽ സേവനമനുഷ്ഠിച്ചവരായുണ്ടാകാം. എന്നാൽ, ഇന്ത്യയിലെ മുസ്‍ലിംകളേറെയും ഹിന്ദുയിസത്തിൽനിന്ന് ഇസ്‍ലാമിലേക്ക് പരിവർത്തനം നടത്തിയവരാണ്.
600 വർഷങ്ങൾക്ക് മുമ്പ് കശ്മീരിൽ കശ്മീരി പണ്ഡിറ്റുകളിൽ കുറേപ്പേർ മുസ്‍ലിം മതം സ്വീകരിക്കുകയായിരുന്നു. എല്ലാവരും ഹിന്ദു പാരമ്പര്യത്തിലാണ് ജനിക്കുന്നതെന്ന് ഞാൻ പറയുന്നത് അതുകൊണ്ടാണ്. ഹിന്ദുവായാലും മുസ്‍ലിമായാലും രജ്പുത്, ബ്രാഹ്മിൺ, ദളിത്, കശ്മീരി, ഗുജ്ജർ എന്നിങ്ങനെയൊക്കെയായാലും നമ്മളെല്ലാവരും ഈ ദേശത്തിന്റെ ഭാഗമാണ്.
ഇതാണ് നമ്മുടെ വീട്. നമ്മൾ പുറമെനിന്ന് വന്നുചേർന്നവരല്ല. ഈ മണ്ണിലാണ് നമ്മുടെ വേരുകൾ. ജീവിതത്തിനുശേഷം നമ്മൾ മടങ്ങുന്നതും ഈ മണ്ണിലേക്കാണ്’ -ആസാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.