ഷില്ലോങ്: പ്രണയകാലങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ പരസ്പര സഹകരണത്തോടെ ലൈംഗികബന്ധം പുലർത്തുന്നത് പോക്സോ നിയമത്തിന്റെ പരിധിയിൽ പെടില്ലെന്ന് മേഘാലയ ഹൈകോടതി. പോക്‌സോ കേസിലെ പെൺകുട്ടിയുടെ അമ്മയും സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ഡബ്ല്യു. ഡീങ്‌ദോ അധ്യക്ഷനായ ബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്. സമാനമായ കേസിലെ മദ്രാസ് ഹൈകോടതിയുടെ നിരീക്ഷണവും കോടതി ഉദ്ധരിച്ചു.
മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് പ്രായപൂർത്തിയാകാത്തയാൾക്കെതിരെ പെൺകുട്ടിയുടെ അമ്മയാണ് പരാതി നൽകിയത്. തുടർന്ന് പെൺകുട്ടിയുടെ കാമുകനെതിരെ ഈസ്റ്റ് ഖാസി ഹിൽസിലെ പൈനൂർസ്‌ല പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. അറസ്റ്റിലായ പ്രതി 10 മാസം ജയിലിൽ കഴിഞ്ഞു. പിന്നീട് ജാമ്യം നൽകി. എന്നാൽ പ്രഥമ ദൃഷ്ട്യ പ്രതിക്കെതിരെ തെളിവുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ മൊഴി നൽകി.
മജിസ്ട്രേറ്റിനു മുമ്പാകെ കാമുകനുമായി സ്വന്തം ഇഷ്ടപ്രകാരമാണ് ലൈംഗികബന്ധം പുലർത്തിയതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. പിന്നീട് കേസ് റദ്ദാക്കാൻ പ്രതിയും പെൺകുട്ടിയുടെ അമ്മയും കോടതിയിൽ ഹരജി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.