ബംഗളൂരു: ശാന്തിനഗർ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയായ എൻ.എ. ഹാരിസ് ബംഗളൂരു വികസന അതോറിറ്റി ചെയർമാനായി ചുമതലയേൽക്കുമ്പോൾ മലയാളികൾക്കും ഇത് അഭിമാന നിമിഷം. സിദ്ധരാമയ്യ സർക്കാറിൽ പ്രധാന പദവികൾ വഹിക്കുന്ന മൂന്നാമത്തെ മലയാളിയാണ് എൻ.എ. ഹാരിസ്.
കാസർകോട് കുടുംബ വേരുകളുള്ള മംഗളൂരു ഉള്ളാൾ സ്വദേശി സ്പീക്കർ യു.ടി. ഖാദർ, കോട്ടയത്തുനിന്ന് ചെറുപ്പത്തിൽ കുടകിലെത്തി തോട്ടം തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ചു വളർന്ന ഊർജ മന്ത്രി കെ.ജെ. ജോർജ് എന്നിവർക്കു പുറമെയാണ് കാബിനറ്റ് പദവിയോടെ എൻ.എ. ഹാരിസ് എം.എൽ.എക്ക് പ്രധാനപ്പെട്ട ബി.ഡി.എയുടെ ചെയർമാൻ സ്ഥാനം നൽകിയത്.
കാസർകോട് കുടുംബവേരുകളുള്ള നാലപ്പാട് കുടുംബാംഗമാണ് എൻ.എ. ഹാരിസ്. നാലാം തവണയാണ് ശാന്തിനഗറിൽനിന്ന് തുടർച്ചയായി എംഎൽ.എയാകുന്നത്. പിതാവും ബംഗളൂരുവിലെ മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡന്റുമായ ഡോ. എൻ.എ. മുഹമ്മദ് മുമ്പ് ഭദ്രാവതി മുനിസിപ്പൽ ചെയർമാനായി ഭരണം നയിച്ചിട്ടുണ്ട്. കോൺഗ്രസ് പാരമ്പര്യമുള്ള നാലപ്പാട് കുടുംബത്തിൽനിന്ന് എൻ.എ. ഹാരിസ് എം.എൽ.എയുടെ മകൻ മുഹമ്മദ് ഹാരിസ് നാലപ്പാട് കർണാടക യൂത്ത് കോൺഗ്രസിന്റെ അധ്യക്ഷനായി പ്രവർത്തനവഴിയിലുണ്ട്.
എൻ.എ. ഹാരിസ് മുമ്പ് ബംഗളൂരു മെട്രോപൊളിറ്റൻ കോർപറേഷൻ (ബി.എം.ടി.സി) ചെയർമാനായി ചുമതല വഹിച്ചിരുന്നു. കായിക സംഘാടന രംഗത്തും സജീവമായ അദ്ദേഹം നിലവിൽ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) വൈസ് പ്രസിഡന്റും കർണാടക സ്റ്റേറ്റ് ഫുട്ബാൾ അസോസിയേഷൻ (കെ.എസ്.എഫ്.എ) പ്രസിഡന്റുമാണ്. മലയാളി സംഘടനകളുമായി ഹൃദയബന്ധം കാത്തുസൂക്ഷിക്കുന്ന എൻ.എ. ഹാരിസ് മലയാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പരിഹാര നടപടികൾക്ക് ആവശ്യമായ എല്ലാ സഹായവും നൽകാറുണ്ട്.
എസ്.ആർ. വിശ്വനാഥായിരുന്നു മുൻ ബി.ഡി.എ ചെയർമാൻ. ബി.ഡി.എയിൽ അഴിമതി വ്യാപകമാണെന്ന് വിശ്വനാഥ് തന്നെ പരസ്യമായി സമ്മതിച്ചിരുന്നു. അത്തരമൊരു വകുപ്പിൽ അഴിമതി തുടച്ചുനീക്കി സുതാര്യമായ ഭരണം കാഴ്ചവെക്കുക എന്ന ഏറെ വെല്ലുവിളി നിറഞ്ഞ ദൗത്യം കൂടിയാണ് എൻ.എ. ഹാരിസിന് മുന്നിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.