ചെന്നൈ: തമിഴിസൈ സൗന്ദർരാജനെ അപമാനി സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തമിഴ്നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയും മാപ്പ് പറയണമെന്ന് നാടാർ മഹാജനസംഘം. മുൻ ഗവർണറായ നാടാർ വനിതയെ അപമാനിച്ചത് അപലപനീയമാണ്. തമിഴിസൈയെ അപമാനിച്അച മിത് ഷായും ഇതിന് കാരണക്കാരനായ അണ്ണാമലൈയും മാപ്പ് പറഞ്ഞില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നാടാർ മഹാജനസംഘം മുന്നറിയിപ്പ് നൽകി.
തമിഴ്നാട്ടിൽ നിന്നുള്ള ബി.ജെ.പി നേതാവും മുൻ തെലങ്കാന ഗവർണറുമായ തമിഴിസൈ സൗന്ദർരാജനെ അമിത് ഷാ പരസ്യമായി താക്കീത് ചെയ്തിരുന്നു. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായുഡുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിനിടെയായിരുന്നു സംഭവം. സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ സൗന്ദർരാജൻ ബി.ജെ.പി നേതാക്കൾക്ക് ആശംസയറിയിച്ച് നടന്നു നീങ്ങുന്നതിനിടെ അമിത് ഷാ അവരെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് അമിത് ഷാ ഇവരോട് അനിഷ്ടത്തോടെ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. അമിത് ഷാക്ക് വിശദീകരണം നൽകാൻ സൗന്ദർരാജൻ ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ വിശദീകരണം അദ്ദേഹം അംഗീകരിക്കുന്നില്ല.
ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബി.ജെ.പിയുടെ തോൽവിക്ക് പിന്നാലെ സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈക്കെതിരെ തമിഴിസൈ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അവരെ അമിത് ഷാ ശാസിച്ചതെന്നാണ് സൂചന. തമിഴ്നാട്ടിൽ ബി.ജെ.പിക്ക് കൃത്യമായ പദ്ധതിയുണ്ടായിരുന്നില്ലെന്നും അണ്ണാമലൈ കാര്യമായി പ്രവർത്തിച്ചില്ലെന്നുമായിരുന്നു തമിഴിസൈയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.