ന്യൂഡൽഹി: സാമന്ത-നാഗചൈതന്യ വിവാഹ മോചന വിവാദത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് കത്തയച്ച് നടൻ നാഗാർജുന അക്കിനേനിയുടെ ഭാര്യ അമല അക്കിനേനി. അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് സ്വന്തം പാർട്ടിയിലെ നേതാക്കളെ തടയണമെന്നും വിവാദ പരാമർശം നടത്തിയ തെലങ്കാന മന്ത്രി കൊണ്ട സുരേഖ മാപ്പുപറയണമെന്നും കത്തിൽ അമല ആവശ്യപ്പെട്ടു. സാമന്തയും നാഗചൈതന്യയും വേർപിരിയാൻ കാരണം ബി.ആർ.എസ് നേതാവ് കെ.ടി. രാമറാവു ആണെന്നായിരുന്നു സുരേഖയുടെ പരാമർശം. ബുധനാഴ്ച സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടിലായിരുന്നു അമലയുടെ പരാമർശം.
''ഒരു വനിത മന്ത്രി ഇത്തരത്തിൽ രാക്ഷസിയെ പോലെ പെരുമാറുന്നത് കണ്ട് ഞെട്ടിപ്പോയി. രാഷ്ട്രീയത്തിന്റെ മറവിൽ തീർത്തും കെട്ടിച്ചമച്ച വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് സമൂഹത്തിൽ അന്തസ്സായി ജീവിക്കുന്നവരെ ലക്ഷ്യമിട്ട് ഇറങ്ങിയിരിക്കുകയാണ് അവർ.''-അമല കുറിച്ചു.
മന്ത്രി മാഡം, എന്റെ ഭർത്താവിനെ കുറിച്ച് ഒട്ടും സത്യമില്ലാത്ത അപകീർത്തികരമായ കഥകൾ ഉന്നയിച്ചാൽ ആളുകൾ നിങ്ങളെ ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്യുമെന്ന് കരുതുന്നുണ്ടോ? തീർത്തും ലജ്ജാകരം.-അമല പറഞ്ഞു.
ഇത്തരം പരാമർശങ്ങൾ നടത്തുന്നതിൽനിന്ന് സ്വന്തം പാർട്ടിയിലെ നേതാക്കൾക്ക് രാഹുൽ ഗാന്ധി താക്കീത് നൽകണം. അനാവശ്യ പരാമർശം നടത്തിയ മന്ത്രി സുരേഖ തന്റെ കുടുംബത്തോട് മാപ്പ് പറയണം. രാഷ്ട്രീയ നേതാക്കൾ തന്നെ ഇത്തരത്തിലുള്ള ക്രിമിനൽ സ്വഭാവം വെച്ചുപുലർത്തിയാൽ നമ്മുടെ രാജ്യത്തിന്റെ സ്ഥിതി എന്തായിരിക്കും? മനുഷ്യരുടെ അന്തസ്സിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ രാഹുൽഗാന്ധി ഇത്തരം പരാമർശങ്ങളിൽനിന്ന് നേതാക്കളെ വിലക്കണം. രാജ്യത്തെ പൗരൻമാരെ സംരക്ഷിക്കണം.-അമല കത്തിൽ ആവശ്യപ്പെട്ടു.
വിവാഹമോചനം സ്വകാര്യ കാര്യമാണെന്നായിരുന്നു വിവാദത്തിൽ സാമന്തയുടെ മറുപടി.
രണ്ടുവ്യക്തികൾ പരസ്പര സമ്മതത്തോടെ ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു അത്. ഒരു തരത്തിലുള്ള രാഷ്ട്രീയ ഗൂഢാലോചനയും അക്കാര്യത്തിൽ ഉണ്ടായിട്ടില്ല. തന്റെ വിവാഹമോചനത്തെ കുറിച്ച് അഭ്യൂഹങ്ങൾ മെനയുന്നത് ആളുകൾ നിർത്തണമെന്നും സാമന്ത അഭ്യർഥിച്ചു. 2018ലാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരായത്. 2021 ഒക്ടോബറിൽ ഇരുവരും വേർപിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.