നാഗ്പുർ: ആർ.എസ്.എസ് ആസ്ഥാനമായ സ്മൃതിമന്ദിരം മോടിപിടിപ്പിക്കാൻ നാഗ്പുർ മുനിസിപ്പാലിറ്റി ഒരു കോടി അനുവദിച്ചത് വിവാദമായി. ഇതിനെതിരെ രംഗത്തുവന്ന കോൺഗ്രസ്, മുൻസിപ്പാലിറ്റിയുടെ നടപടി നിയമലംഘനമാണെന്ന് കുറ്റപ്പെടുത്തി. നാഗ്പുർ മുൻസിപ്പൽ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റിയാണ് കെട്ടിടം മോടി പിടിപ്പിക്കുന്നതിനും നിർമാണപ്രവർത്തനങ്ങൾക്കുമായി തുക അനുവദിക്കാൻ തീരുമാനിച്ചത്. ചൊവ്വാഴ്ച ബജറ്റ് സേമ്മളനത്തിൽ പദ്ധതി നിർദേശം അംഗീകരിക്കുകയും ചെയ്തു.
ഏന്നാൽ, നിലവിലുള്ള നിയമങ്ങളനുസരിച്ച് സ്വകാര്യ സ്ഥലത്ത് പൊതു ഖജനാവിൽനിന്നുള്ള പണം ഉപയോഗിച്ച് പദ്ധതികൾ നടപ്പാക്കാൻ സാധ്യമല്ലെന്നും ഇതിനെ എതിർക്കുമെന്നും മുനിസിപ്പാലിറ്റിയിലെ കോൺഗ്രസ് അംഗവും പ്രതിപക്ഷ നേതാവുമായ താനാജി വൻവെ പറഞ്ഞു. രാഷ്ട്രീയ സ്വയം സേവക് സംഘ് എന്ന ഹിന്ദു സംഘടനയായ ആർ.എസ്.എസ് സ്ഥാപിക്കപ്പെട്ട സ്ഥലമാണ് നാഗ്പുർ. ആർ.എസ്.എസ് സ്ഥാപകനായ ഹെഡ്ഗേവാറിെൻറ സ്മരണക്ക് നിർമിച്ച വിശാലമായ മൈതാനവും കൂറ്റൻ ഒാഡിറ്റോറിയവും അടങ്ങിയ കേന്ദ്രമാണ് സ്മൃതി മന്ദിരം. ഇവിടെ മോടിപിടിപ്പിക്കാനും ചുറ്റുമതിൽ, റോഡ് എന്നിവ നിർമിക്കുന്നതിനുമാണ് ഒരു കോടി രൂപ അനുവദിച്ചത്.
സംഘ്ഭൂമി എന്ന പേരിലാണ് നാഗ്പുർ അറിയപ്പെടുന്നതെന്നും ഇവിടം സന്ദർശിക്കാൻ വർഷന്തോറും ലക്ഷക്കണക്കിന് ആളുകൾ എത്തുന്നുണ്ടെന്നും വിനോദ സഞ്ചാരകേന്ദ്രം എന്ന നിലക്കാണ് ഫണ്ട് അനുവദിച്ചതെന്നും ബി.ജെ.പി നേതാവ് സന്ദീപ് ജോഷി പറഞ്ഞു. നാഗ്പുരിലെ മറ്റ് സ്മാരകങ്ങൾക്ക് മുൻസിപ്പാലിറ്റി നേരത്തെ ഇത്തരത്തിൽ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.