ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട നളിനി ശ്രീഹരനാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കാലം ജയിൽശിക്ഷ അനുഭവിച്ച വനിത തടവുകാരി. മൂന്നു ദശാബ്ദം ജയിലിൽ കിടന്ന 53കാരിയായ നളിനിക്ക് രണ്ടേ രണ്ട് തവണയാണ് പരോൾ ലഭിച്ചത്. ആദ്യം 2016ൽ പിതാവ് ശങ്കരനാരായണന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ 12 മണിക്കൂർ. പിന്നീട് മകൾ ഹരിത്രയുടെ വിവാഹ ഒരുക്കത്തിന് 2019 ജൂലൈ അഞ്ചു മുതൽ 51 ദിവസം. ഇതിനായി സ്വന്തംനിലയിലാണ് നളിനി കോടതിയിൽ വാദിച്ചത്. ഇതേ കേസിലെ സഹതടവുകാരനായ മുരുകനാണ് നളിനിയുടെ ഭർത്താവ്. ജയിലിലടക്കുമ്പോൾ നളിനി ഗർഭിണിയായിരുന്നു.
ചെങ്കൽപേട്ട് ഗവ. ആശുപത്രിയിലായിരുന്നു പ്രസവം. പിന്നീട് നാലുവർഷം മകൾ ഹരിത്ര നളിനിക്കൊപ്പം ജയിലിലാണ് കഴിഞ്ഞത്. 2005 മുതൽ ലണ്ടനിൽ ബന്ധുക്കളുടെ സംരക്ഷണത്തിൽ കഴിയുന്ന ഹരിത്ര ബ്രിട്ടീഷ് പൗരയാണ്. ലണ്ടനിൽ ഡോക്ടറാണ് ഹരിത്ര.
എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിൽ ഡി.എം.കെ സർക്കാർ അധികാരത്തിലേറിയതിനുശേഷം നളിനിക്ക് തുടർച്ചയായി പരോളനുവദിച്ചിരുന്നു. വെള്ളിയാഴ്ചത്തെ സുപ്രീംകോടതി വിധിയുടെ പകർപ്പ് ലഭ്യമായ ഉടൻ പ്രതികളെ വിട്ടയക്കുമെന്ന് വെല്ലൂർ സെൻട്രൽ ജയിൽ അധികൃതർ അറിയിച്ചു.
ശ്രീഹരൻ എന്ന മുരുകൻ
രാജീവ് വധത്തിന്റെ മുഖ്യ സൂത്രധാരൻ. തമിഴ് തീവ്രവാദ സംഘടനയായ എൽ.ടി.ടി.ഇ സജീവ അംഗം. ശ്രീലങ്കൻ സ്വദേശി. ചെറുപ്പത്തിൽതന്നെ എൽ.ടി.ടി.ഇയിൽ ചേർന്നു.
റോബർട്ട് പയസ്
ശ്രീലങ്കൻ പൗരൻ. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾക്ക് അഭയം നൽകി. എൽ.ടി.ടി.ഇക്ക് ഇന്ത്യയിൽ താവളമൊരുക്കി. ഗൂഢാലോചനയിൽ പങ്കാളി.
ജയകുമാർ
റോബർട്ട് പയസിന്റെ ഭാര്യാസഹോദരൻ. പ്രതികൾക്ക് തമിഴ്നാട്ടിൽ താമസസൗകര്യമൊരുക്കി.
രവിചന്ദ്രൻ
ശ്രീലങ്കൻ പൗരനായ രവിചന്ദ്രൻ ഇന്ത്യയിൽ ട്രാവൽ ഏജൻസി സ്ഥാപിച്ചു. രാജീവ് ഗാന്ധിയെ വധിക്കാൻ പ്രതികൾ സഞ്ചരിച്ച വാഹനം വാങ്ങിക്കൊടുത്തു.
ശാന്തൻ
എൽ.ടി.ടി.ഇ ഇന്റലിജൻസ് വിഭാഗം അംഗം. എൽ.ടി.ടി.ഇ നേതാവ് പൊട്ടുഅമ്മൻ ഇന്ത്യയിലേക്കയച്ച കൊലയാളിസംഘത്തിലെ ഒമ്പതുപേരിൽ ഒരാൾ.
പേരറിവാളൻ
സ്ഫോടകവസ്തുക്കൾ പ്രവർത്തിപ്പിക്കാൻ ബാറ്ററികൾ വാങ്ങിനൽകിയ കുറ്റമാണ് ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.