വിശാഖപട്ടണം ആർ.ആർ വെങ്കടപുരം വില്ലേജിലെ എൽ.ജി പോളിമേഴ്സിൽ പുലർച്ചെയോടെയുണ്ടായ വാതകചോർച്ച ദുരന്തത്തിെൻറ അനുഭവ വിവരണവുമായി എഴുത്തുകാരിയും വിശാഖപട്ടണത്ത് താമസക്കാരിയുമായ നന്ദിനി മേനോൻ.
രാവിലെ ആറ് മണിക്കാണ് വല്ലാത്തൊരു മണം പരക്കുന്നതായിട്ട് തോന്നിയത്. ആദ്യം കരുതിയത് വീട്ടിലെ പാചക വാതക സിലിണ്ടർ ചോർന്നതാണെന്നാണ്. ആ ഗന്ധം പുറത്തേക്ക് കളയാൻ വാതിലെല്ലാം തുറന്നിട്ടു. അപ്പോഴാണ് പ്രശ്നം പുറത്താണെന്ന് അറിയുന്നത്. എന്നാൽ, തുറന്നിട്ട വാതിലിലൂടെ വാതകം വീടിനകത്തു കയറി. കണ്ണുനീറ്റലും നേരിയ തലവേദനയും അനുഭവെപ്പട്ടു തുടങ്ങി. ശ്വസിക്കുന്ന വായുവിന് കട്ടി കൂടിയതുപോലെ. അപ്പോൾ തന്നെ വീടെല്ലാം അടച്ചു. എക്സ്ഹോസ്റ്റ് ഫാനെല്ലാം ഓണാക്കി വീടിനകത്തു നിന്ന് വാതകം പുറത്തു കളയാനുള്ള ശ്രമം വിജയിച്ചു. പിന്നെയാണ് ഇതേക്കുറിച്ചുള്ള വാർത്തകൾ വരുന്നതും ടി.വിയിലൊക്കെ കാണുന്നതും. വാതകം ഒഴിവായപ്പോൾ വീടിനകത്ത് വലിയ പ്രശ്നമില്ലാതായി. പുറത്ത് പക്ഷെ അങ്ങനെയല്ലായിരുന്നു.
വാതക ചോർച്ച സംഭവിച്ച പ്ലാൻറിൽനിന്ന് എട്ട് കിലോമീറ്റർ ദൂരെയാണ് എെൻറ വീട്. എന്നിട്ടുപോലും അതിെൻറ പ്രത്യാഘാതം ഞങ്ങൾക്കരികിലുമെത്തി. കനത്ത കാറ്റുകൊണ്ടായിരിക്കണം, എല്ലായിടത്തേക്കും വാതകം പെട്ടെന്ന് വ്യാപിക്കാൻ തുടങ്ങിയിരുന്നു. പുലർച്ചെ ആയതിനാലാണ് എന്താണ് സംഭവിച്ചതെന്ന് തുടക്കത്തിൽ മനസ്സിലാവാതെ പോയത്.
ഇരുചക്രവാഹനം ഓടിച്ചു വരുന്നവരെല്ലാം റോഡിൽ വീഴുന്നതാണ് ടി.വി ചാനലുകളിൽ കാണുന്നത്. അതിൽ അദ്ഭുതം തോന്നിയില്ല. ഏറെ അകലത്തുള്ള ഞങ്ങൾക്ക് കണ്ണു നീറലും തലവേദനയുമൊക്കെയായി ഇത്രയധികം പ്രശ്നം അനുഭവപ്പെടുന്നെങ്കിൽ ആ പ്ലാൻറിനു ചുറ്റുമുള്ള ആളുകളുടെ അവസ്ഥ എന്തായിരിക്കും?. ധാരാളം വെള്ളം കുടിക്കാനും വീടിെൻറ എക്സ്ഹോസ്റ്റർ ഫാൻ ഓൺ ചെയ്ത് വീടിനകത്ത് കയറിയ വാതകത്തെ പുറത്തുകളയാനുമൊക്കെയാണ് വിദഗ്ധർ പറയുന്നത്. അതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഒരു ഇഞ്ച് പോലും വാതിലോ ജനാലയോ തുറക്കാൻ പറ്റില്ല. അതാണ് ഇപ്പോഴത്തെ അവസ്ഥ. ഞങ്ങൾ ദൂരെയായതിനാൽ ഞങ്ങൾക്ക് ടി.വി ചാനലിലൂടെയുള്ള കാഴ്ചകളേ കാണാൻ പറ്റുന്നുള്ളൂ. മറ്റ് കാര്യങ്ങളൊന്നും അറിയാൻ പറ്റില്ല.
ടൗൺ ഏരിയക്ക് പുറത്തുള്ള പ്രദേശത്താണ് സംഭവം നടന്നത്. അവിടെ എല്ലാ പഴുതുകളും അടക്കാൻ പറ്റാത്ത ഒരുപാട് ചെറിയ വീടുകളുണ്ടാവാം. ആ വീടിനകത്തുള്ള ആളുകളാണ് പരിഭ്രമിച്ചു പുറത്തു ചാടിയിട്ടുണ്ടാവുക. നമ്മൾക്ക് എന്തെങ്കിലും സംഭവിക്കുമ്പോൾ പുറത്തേക്കിറങ്ങാനുള്ള തോന്നലല്ലേ ഉണ്ടാവുക. അങ്ങനെ പുറത്ത് ചാടിയവരായിരിക്കും ഇത്രയധികം റോഡരികിൽ വീണു കിടന്നത്. സംഭവം നടന്ന കുറച്ച് സമയത്തിനു ശേഷം ആളുകൾക്ക് പുറത്തിറങ്ങരുതെന്ന കാര്യം മനസ്സിലായി. ഞങ്ങൾ ഫ്ലാറ്റിലാണ് താമസിക്കുന്നത്. ബാൽക്കണിയിലേക്കൊന്നും ഇറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു.
സംഭവം നടന്ന ഭാഗങ്ങളിലെല്ലാം ഒരുപാട് മലയാളി കുടുംബങ്ങളുണ്ട്. വിശാഖ പട്ടണം കേരള കലാസമിതിയുടെ വാട്സ്ആപ് ഗ്രൂപ്പിലൂടെയും ഫോൺ ചെയ്തും അവരെ കുറിച്ച് അന്വേഷിച്ചു. അവരെല്ലാവരും അടച്ചുറപ്പുള്ള ഫ്ലാറ്റുകളിലും വീടുകളിലുമൊക്കെ താമസിക്കുന്നവരായതിനാൽ സുരക്ഷിതരാണ്. വീടിനകത്ത് സുരക്ഷിതരായി ഇരിക്കാനുള്ള സാഹചര്യം ഉണ്ടെങ്കിൽ ഇൗ സമയത്ത് ആരും പുറത്തിറങ്ങരുത്. വണ്ടി ഓടിക്കരുത്. വണ്ടി ഓടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ബോധക്ഷയമോ മറ്റോ വരുന്നതെങ്കിൽ എത്ര വലിയ അപകടമാണ് ഉണ്ടാവുക. സ്വകാര്യ വാഹനങ്ങളിൽ എല്ലാവരും തലങ്ങും വിലങ്ങും ഓടുന്നതിനേക്കാൾ റോഡ് ഇപ്പോൾ പൊലീസിനും ആംബുലൻസിനും വിട്ടുകൊടുക്കുന്നതാണ് നല്ലത്. പ്ലാൻറിെൻറ ചുറ്റുമുള്ള ആളുകൾ വല്ലാതെ സഹിച്ചിട്ടുണ്ട്. ദുരന്തത്തിെൻറ ആഴം അടുത്ത ദിവസങ്ങളിലേ മനസ്സിലാവൂ.
1994 മുതൽ വിശാഖപട്ടണത്ത് താമസിച്ചുവരികയാണ് ഞാൻ. മുമ്പ് ഒരു തിരുവോണ ദിവസം (വർഷം കൃത്യമായി ഓർക്കുന്നില്ല) ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ വലിയൊരു സ്ഫോടനവും വൻ വാതക ചോർച്ചയും ഉണ്ടായിരുന്നു. ഒരുപാട് ആളുകൾ പ്ലാൻറിനകത്ത് മരിച്ചു. അന്ന് അവിടെ നിന്ന് 15 കിലോമീറ്റർ അകലെയുള്ള ഞങ്ങളുടെ വീടിെൻറ ചുവരിന് വിള്ളൽ വീണിരുന്നു. അന്ന് പ്ലാൻറിനകത്തുള്ളവർക്കാണ് ദുരന്തമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.