ആര്യൻ ഖാൻ കേസിൽ കുറ്റപത്രം സമർപ്പിക്കാതെ എൻ.സി.ബി; 60 ദിവസം കൂടി അനുവദിച്ചു

മുംബൈ: നടൻ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ പ്രതിയായ മുംബൈ ആഢംബരക്കപ്പൽ മയക്കുമരുന്ന് കേസിൽ കുറ്റപത്രം സമർപ്പിക്കാൻ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി 60 ദിവസം കൂടി അനുവദിച്ചു. കുറ്റപത്രം സമർപ്പിക്കാൻ 90 ദിവസം കൂടി വേണമെന്നായിരുന്നു അന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാൽ, 60 ദിവസത്തിനകം സമർപ്പിക്കാൻ പ്രത്യേക കോടതി ജഡ്ജി വി.വി. പാട്ടീൽ ഉത്തരവിടുകയായിരുന്നു.

24കാരനായ ആര്യൻ ഖാൻ ഉൾപ്പെടെ 20 പേരാണ് കേസിലെ പ്രതികൾ. ഒരു മാസത്തെ ജയിൽവാസത്തിന് ശേഷം ഉപാധികളോടെ ആര്യന് ജാമ്യം അനുവദിച്ചിരിക്കുകയാണ്. കേസിലെ രണ്ട് പ്രതികൾ മാത്രമാണ് നിലവിൽ ജയിലിലുള്ളത്. നിയമപ്രകാരം, കേസ് രജിസ്റ്റർ ചെയ്ത് 180 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണം. അല്ലെങ്കിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ട്.

ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാനെതിരെ തെളിവുകൾ കണ്ടെത്താൻ നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പ്രത്യക അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല. ഏജൻസിയുടെ മുംബൈ സോണൽ ഓഫിസർ സമീര്‍ വാങ്കെഡെയുടെ നേതൃത്വത്തില്‍ കപ്പിലിൽ നടത്തിയ റെയ്ഡ് ക്രമ വിരുദ്ധമാണ് എന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതില്‍ റെയ്ഡ് നടപടികള്‍ ചിത്രീകരിച്ചില്ല എന്നത് ഒരു പ്രധാന പിഴവായിട്ടാണ് ചൂണ്ടിക്കാണിക്കുന്നത്. ആര്യന്‍ ഖാനില്‍ നിന്നും ലഹരി മരുന്ന് പിടിച്ചെടുത്തിട്ടില്ല എന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.

ആര്യന്‍റെ മൊബൈൽ ചാറ്റുകളില്‍ ലഹരി മാഫിയയുമായി ബന്ധം തെളിയിക്കുന്ന തെളിവുകള്‍ ഒന്നും തന്നെയില്ലെന്നും ആര്യന്‍ ഖാനെതിരെയുള്ള ഗൂഢാലോചന വാദവും നിലനില്‍ക്കില്ലെന്നും എന്‍സിബി കണ്ടെത്തി.

കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ മുംബൈ തീരത്ത് കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി നടക്കവേ അറസ്റ്റ് ചെയ്തത്. കപ്പലിൽ നിന്ന് നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയിരുന്നു. പിന്നീട് ഒരു മാസത്തെ ജയില്‍ വാസത്തിന് ശേഷം ആര്യന്‍ഖാന് ജാമ്യം ലഭിച്ചിരുന്നു. ഷാരൂഖിന്റെ അടുത്ത സുഹൃത്ത് കൂടിയായ ജൂഹിയാണ് കേസില്‍ ആര്യന്‍ ഖാന് കോടതിയില്‍ ജാമ്യം നിന്നത്.

Tags:    
News Summary - Narcotics Agency Gets 60 More Days To File Chargesheet In Aryan Khan Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.