ബംഗളൂരു: ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗിക വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി. പ്രജ്വൽ രേവണ്ണയുടെ മോശം സ്വഭാവത്തെ കുറിച്ച് മോദിക്ക് അറിയുമായിരുന്നെന്നും എന്നിട്ടും അയാൾക്ക് വേണ്ടി പ്രചാരണം നടത്തിയെന്നും ഉവൈസി ആരോപിച്ചു. കർണാടകയിൽ എൻ.ഡി.എയുടെ സഖ്യകക്ഷിയാണ് ജെ.ഡി.എസ്.
സ്ത്രീകളുടെ ശാക്തീകരണത്തെ കുറിച്ചാണ് നരേന്ദ്ര മോദി ഇപ്പോൾ സംസാരിക്കുന്നത്. മുസ്‍ലിം സ്ത്രീകളുടെ സഹോദരനെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഞങ്ങൾക്ക് ഇങ്ങനെയൊരു സഹോദരനെ ആവശ്യമില്ലെന്നും ഉവൈസി പറഞ്ഞു.
ജെ.ഡി.എസ് എം.പിയും എച്ച്.ഡി ദേവഗൗഡയുടെ പേരമകനുമായ പ്രജ്വൽ രേവണ്ണയുടെ നിരവധി അശ്ലീല വിഡിയോകൾ ഹാസൻ ജില്ലയിൽ പ്രചരിച്ചിരുന്നു. 2,976 വിഡിയോകൾ ഇത്തരത്തിൽ പ്രചരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. വിഡിയോകളിൽ ഭൂരിപക്ഷവും ചിത്രീകരിച്ചിരിക്കുന്നത് മൊബൈലിലാണ്. രേവണ്ണയുടെ വീട്ടിലെ സ്റ്റോർ റൂമിൽ വെച്ചാണ് വിഡിയോകൾ ചിത്രീകരിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ചില വിഡിയോ ക്ലിപ്പുകൾ പൊലീസ് ഫോറൻസിക് പരിശോധനക്കായി അയക്കുകയും ചെയ്തിട്ടുണ്ട്. ലൈംഗികവിവാദം ഉയർന്നയുടൻ പ്രജ്വൽ രേവണ്ണ ജർമ്മനിയിലേക്ക് കടന്നിരുന്നു.
ബി.ജെ.പി എം.എൽ.എ പ്രീതം ഗൗഡയും മുതിർന്ന പാർട്ടി നേതാവ് ദേവരാജ ഗൗഡയും രേവണ്ണയെ കുറിച്ച് ജെ.ഡി.എസിന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയതായി അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. ഹാസനിൽ രേവണ്ണയെ സ്ഥാനാർഥിയാക്കുന്നതിന് മുമ്പ് തന്നെ ഇക്കാര്യം പറഞ്ഞുവെന്നാണ് ഇരുവരും കഴിഞ്ഞ ദിവസം അറിയിച്ചത്.
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും പ്രജ്വൽ രേവണ്ണ വിഷയത്തിൽ മോദിക്കെതിരെ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി വോട്ട് അഭ്യർഥിച്ച, പ്രധാനമന്ത്രി മോദിക്കൊപ്പം നിന്ന വ്യക്തി (പ്രജ്വൽ രേവണ്ണ) ആയിരക്കണക്കിന് സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഇതിൽ മോദിയുടെ പ്രതികരണം എന്താണെന്ന് അറിയാൻ താൽപര്യമുണ്ടെന്നായിരുന്നു പ്രിയങ്ക പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.