ന്യൂഡൽഹി: ''ഇത് പോലെ വിലക്കയറ്റം തുടരുകയാണെങ്കിൽ ദരിദ്രർ എന്ത് കഴിക്കും? ദരിദ്രരുടെ വീട്ടിൽ അടുപ്പ് പുകയുന്നില്ല, കുട്ടികൾ രാത്രി വിശന്ന് കരയുകയാണ്. അമ്മമാർ കണ്ണീർ കുടിച്ച് ഉറങ്ങുകയാണ്. എന്നാൽ, രാജ്യം ഭരിക്കുന്നവർക്ക് ദരിദ്രരെ കുറിച്ച് ഒരു ചിന്തയുമില്ല'' -പാചകവാതക, ഇന്ധനവിലക്കയറ്റത്തിനെതിരെ കത്തിക്കയറുകയാണ് നരേന്ദ്ര മോദി. കേൾക്കുന്നവരെ കോരിത്തരിപ്പിക്കുന്ന, പ്രതിഷേധത്തിന് തീപ്പിടിപ്പിക്കുന്ന വാക്കുകൾ തുരുതുരെ ആ വായിൽനിന്ന് പ്രവഹിക്കുന്നു. കോൺഗ്രസ് എം.പി ശശിതരൂർ പങ്കുവെച്ച വീഡിയോ ഇപ്പോൾ വൈറലാണ്.
പക്ഷേ, ഒരു കാര്യം മാത്രം. ഇത് പ്രസംഗിക്കുമ്പോൾ മോദി പ്രധാനമന്ത്രി ആയിരുന്നില്ല. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നു അദ്ദേഹം. മൻമോഹൻ സിങ് ആയിരുന്നു അന്നത്തെ പ്രധാനമന്ത്രി. മൻമോഹനെതിരെയാണ് മോദി പ്രതിഷേധക്കൊടുങ്കാറ്റായി ആഞ്ഞടിക്കുന്നത്. പ്രസംഗത്തിന്റെ പൂർണരൂപം താഴെ:
'ഇത് പോലെ വിലക്കയറ്റം തുടരുകയാണെങ്കിൽ ദരിദ്രർ എന്ത് കഴിക്കും? ഇന്ന് പ്രധാനമന്ത്രി ഇവിടെ വന്നിരുന്നു. പക്ഷേ, അദ്ദേഹം വിലക്കയറ്റത്തെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. ഒരക്ഷരം പോലും അതേക്കുറിച്ച് ഉരിയാടിയില്ല. അദ്ദേഹത്തിന് അത്രത്തോളം അഹങ്കാരമുണ്ട്. നിങ്ങൾ മരിക്കുകയാണെങ്കിൽ മരിച്ചോളൂ, നിങ്ങളുടെ വിധിയാണത്. ദരിദ്രരുടെ വീട്ടിൽ അടുപ്പ് പുകയുന്നില്ല, കുട്ടികൾ രാത്രി വിശന്ന് കരയുകയാണ്. അമ്മമാർ കണ്ണീർ കുടിച്ച് ഉറങ്ങുകയാണ്. എന്നാൽ, രാജ്യം ഭരിക്കുന്നവർക്ക് ദരിദ്രരെ കുറിച്ച് ഒരു ചിന്തയുമില്ല. ഇതാണ് ദരിദ്രരുടെ അവസ്ഥ. നാലാം തീയ്യതി വോട്ട് ചെയ്യാൻ പോകുമ്പോൾ വീട്ടിലെ ഗ്യാസ് കുറ്റിയെ ഒന്ന് നമസ്കരിച്ചിട്ട് പൊക്കോളൂ.. ഗ്യാസിന് എത്രമാത്രം വില കൂട്ടിയെന്ന് ഓർത്തിട്ട് പൊക്കോളൂ...'
2013 നവംബർ 22 ന് നടത്തിയതാണ് പ്രസ്തുത പ്രസംഗം. 'ഇതിനേക്കാൾ നന്നായി എനിക്കൊന്നും കൂട്ടിച്ചേർക്കാനില്ല' എന്ന അടിക്കുറിപ്പോടെയാണ് ശശിതരൂർ വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
അഞ്ചുസംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് പിന്നാലെ പെട്രോളിന് 10.88 രൂപയും ഡീസലിന് 10.51 രൂപയുമാണ് രാജ്യത്ത് വർധിപ്പിച്ചത്. ചെറിയ ഒരിടവേളക്കുശേഷം മാർച്ച് 22 മുതലാണ് വീണ്ടും വില കൂട്ടിത്തുടങ്ങിയത്. പാചകവാതകത്തിന് 250 രൂപയും കഴിഞ്ഞ ദിവസം വർധിപ്പിച്ചിരുന്നു.
പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 115.07 രൂപയും ഡീസലിന് 101.95 രൂപയുമായി. കോഴിക്കോട് പെട്രോളിന് 115.37 രൂപയും ഡീസലിന് 102.26 രൂപയുമായി വർധിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 117.2, ഡീസലിന് 103.84 എന്നിങ്ങനെയും ലിറ്ററിന് വില ഉയർന്നു.
അതിനിടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില വീണ്ടും കുറഞ്ഞു. ബ്രെന്റ് ക്രൂഡോയിലിന്റെ വില ബാരലിന് 107.2 ഡോളറായി. ഡബ്യു.ടി.ഐ ക്രൂഡിന്റെ വില 103 ഡോളറായും കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.