മുംബൈ: നടൻ നസറുദ്ദീൻ ഷാക്ക് ട്വിറ്റർ അകൗണ്ട് ഇല്ലെന്ന വെളിപ്പെടുത്തലുമായി ഭാര്യ രത്നപഥക് ഷാ. ട്വിറ്ററിൽ കർഷക പ്രക്ഷോഭത്തെക്കുറിച്ച് ട്വീറ്റുകൾ പോസ്റ്റ് ചെയ്യുന്നത് വ്യാജ അകൗണ്ടിൽ നിന്നാണെന്നും അവർ പറഞ്ഞു. ട്വിറ്ററിൽ 49,000 ഫോളോവേഴ്‌സ് ഉള്ള അകൗണ്ടിൽ നസറുദ്ദീൻ ഷായുടെ വീഡിയോ അഭിമുഖവും ട്വീറ്റ് ചെയ്തിരുന്നു. 70 കാരനായ നടൻ കഴിഞ്ഞ മാസം മനുഷ്യാവകാശ പ്രസ്ഥാനമായ സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആന്‍റ് പീസിന് നൽകിയ അഭിമുഖത്തിൽ കർഷകരെ പിന്തുണച്ച് സംസാരിക്കുന്ന വീഡിയോ ആണ് പോസ്റ്റ് ചെയ്തത്.
2019 ജൂലൈ മുതൽ ട്വിറ്ററിൽ പ്രവർത്തിക്കുന്ന വ്യാജ പ്രൊഫൈൽ കാരണം തങ്ങൾ വളരെയധികം അസ്വസ്ഥരാണെന്ന് രത്‌ന പഥക് ഷാ പറഞ്ഞു. ട്വിറ്ററിനോടും സൈബർ സെല്ലിനോടും പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും അവർ പറയുന്നു. 'ഷാക്ക് ട്വിറ്റർ അകൗണ്ട് ഇല്ലെങ്കിലും ഈ വ്യാജ അകൗണ്ട് ഇനിയും തടയാനായിട്ടില്ല'-രത്നപഥക് ഷാ പറഞ്ഞു.
ട്വിറ്ററിനോടും സൈബർ ക്രൈം പോലീസിനോടും ഞങ്ങൾ പരാതിപ്പെടാൻ ശ്രമിച്ചുവെങ്കിലും ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് അവർ കൈകഴുകുകയായിരുന്നു-അവർ കൂട്ടിച്ചേർത്തു. നേരത്തെ നസറുദ്ദീൻ ഷായുടെ പേരിൽ വ്യാജ പ്രൊഫൈലുകൾ ഫേസ്ബുക്കിലും ഉണ്ടായിരുന്നെങ്കിലും 2016 ൽ യഥാർഥ അകൗണ്ട് വെരിഫൈ ചെയ്തശേഷം മറ്റുള്ളവ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഷായുടെ വ്യാജ അകൗണ്ടിൽ നിന്ന് വന്ന ട്വീറ്റ് നിരവധി മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു.
'അവസാനം ശത്രുക്കളുടെ ശബ്ദമല്ല സുഹൃത്തുക്കളുടെ നിശബ്ദതയായിരിക്കും കേള്‍ക്കുക. കൊടും തണുപ്പിനെപോലും വകവയ്ക്കാതെ കര്‍ഷകര്‍ നടത്തുന്ന സമരത്തെ എങ്ങനെയാണ് കണ്ടില്ലെന്ന് നടിക്കുന്നത്. എനിക്കുറപ്പുണ്ട്. അവരുടെ സമരത്തിന് ഫലമുണ്ടാകും. എല്ലാവരും അവര്‍ക്കൊപ്പം ചേരുന്ന ഒരു ദിവസം വരും. നിശബ്ദരായിരിക്കുന്നത് പീഡകരെ പിന്തുണയ്ക്കുന്നതിന് തുല്യമാണ്'-എന്നായിരുന്നു ആ ട്വീറ്റ്. എന്തോ നഷ്ടപ്പെടുമെന്ന ഭയത്തിലാണ് ബോളിവുഡിലെ പ്രശസ്തര്‍ ഒന്നും മിണ്ടാത്തതെന്നും ഏഴ് തലമുറയ്ക്ക് വേണ്ടതൊക്കെ സമ്പാദിച്ച താരങ്ങളാണ് ഇപ്പോള്‍ മൗനം പാലിക്കുന്നതെന്നും വായ തുറന്നാല്‍ ഇനി എന്താണ് നഷ്ടപ്പെടാനുള്ളതെന്നും ട്വീറ്റിൽ ചോദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.