ചെന്നൈ: നിയമസഭ തുടങ്ങുന്നതിനുമുമ്പ് ദേശീയഗാനം ആലപിച്ചില്ലെന്നാരോപിച്ച് തമിഴ്നാട് ഗവർണർ ആർ.എൻ. രവി ഇറങ്ങിപ്പോയി. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ നിയമസഭയുടെ പുതുവത്സര സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം വായിക്കാനാണ് ഗവർണർ എത്തിയത്.
സ്പീക്കർ എം.അപ്പാവു പൊന്നാടയണിയിച്ച് സ്വീകരിച്ചു. ഈ സമയത്ത് അണ്ണാ ഡി.എം.കെ, കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളിലെ എം.എൽ.എമാർ വിവിധ വിഷയങ്ങളുന്നയിച്ച് മുദ്രാവാക്യം വിളിച്ചു. ബഹളത്തിൽ ഗവർണർ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.
പിന്നീട് സംസ്ഥാന ഗാനമായ ‘തമിഴ്ത്തായ് വാഴ്ത്ത്’ ആലപിച്ചു. തുടർന്ന് ദേശീയഗാനം ആലപിക്കാത്തതിൽ പ്രതിഷേധിച്ചാണ് സഭയിലെത്തി മൂന്നു മിനിറ്റിനകം ഗവർണർ ഇറങ്ങിപ്പോയത്. ഇതോടെ, ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നിയമസഭാ സ്പീക്കർ എം. അപ്പാവു തമിഴിൽ വായിച്ചു.
തമിഴ്നാട് നിയമസഭയിൽ രാജ്യത്തിന്റെ ഭരണഘടനയും ദേശീയഗാനവും അപമാനിക്കപ്പെട്ടതായി രാജ്ഭവൻ പിന്നീട് പ്രസ്താവനയിൽ അറിയിച്ചു. ദേശീയഗാനത്തെ ആദരിക്കുകയെന്നത് ഭരണഘടന അനുശാസിക്കുന്ന മൗലിക കടമകളിലൊന്നാണെന്നും നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തിലും അവസാനവും ദേശീയഗാനം ആലപിക്കേണ്ടതുണ്ടെന്നും രാജ്ഭവൻ ചൂണ്ടിക്കാട്ടി.
അതേസമയം സഭാനടപടികളുടെ തുടക്കത്തിൽ തമിഴ്ത്തായ് വാഴ്ത്തും സമ്മേളനത്തിനൊടുവിൽ ദേശീയഗാനവും ആലപിക്കുകയാണ് പതിവെന്ന് മന്ത്രി എസ്.ദുരൈമുരുകൻ നിയമസഭയെ അറിയിച്ചു.
ജനാധിപത്യ പാരമ്പര്യവും ഭരണഘടനയുമനുസരിച്ച് നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം വായിക്കേണ്ടത് ഗവർണറുടെ കടമയാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. മുൻകാലങ്ങളിലും ഗവർണർ നയപ്രഖ്യാപന പ്രസംഗം പൂർണമായും വായിക്കാതെ സംസ്ഥാന സർക്കാറിനെയും നിയമസഭയുടെ പവിത്രതയെയും അപമാനിച്ചിരുന്നു.
ഇത് ഗവർണറുടെ പദവിക്ക് നിരക്കാത്ത നടപടിയാണെന്നും ഭരണഘടനാ ബാധ്യത നിറവേറ്റാത്ത ഗവർണർ ആർ.എൻ. രവി പദവിയിൽ തുടരുന്നത് ശരിയല്ലെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
ഡി.എം.കെ, കോൺഗ്രസ് ഉൾപ്പെടെയുള്ള മിക്ക രാഷ്ട്രീയപാർട്ടികളും ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ചു. എന്നാൽ, ബി.ജെ.പി ഉൾപ്പെടെയുള്ള ചില പാർട്ടികൾ ഗവർണറെ അനുകൂലിച്ച് രംഗത്തെത്തി. ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാജ്ഭവന് മുന്നിലും ജില്ല കേന്ദ്രങ്ങളിലും ധർണ നടത്തുമെന്ന് ഡി.എം.കെ അറിയിച്ചു.
ആർ.എൻ. രവി ചുമതലയേറ്റതു മുതൽ ഡി.എം.കെ സർക്കാറുമായി ഏറ്റുമുട്ടൽ തുടരുകയാണ്. രാജ്ഭവനും തമിഴ്നാട് സർക്കാറും തമ്മിലുള്ള തർക്കം നേരത്തെ സുപ്രീംകോടതിയിലും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.