എ.ബി.പി ന്യൂസിൽ 115ഉം കടന്ന് 'ബി.ജെ.പി' മുന്നേറ്റം; കർണാടകയിൽ വേറിട്ട കവറേജുമായി ദേശീയ ചാനൽ

ബംഗളൂരു: കർണാടകയിൽ പോസ്റ്റൽ വോട്ടെണ്ണി ആദ്യഫല സൂചനകൾ വരുമ്പോൾ തന്നെ കോൺഗ്രസ് മുന്നേറ്റം തുടങ്ങിയിരുന്നു. ആദ്യ മണിക്കൂറിൽ തന്നെ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ കൃത്യമായ സൂചന വ്യക്തമായിരുന്നു. എന്നാൽ, കോൺഗ്രസിനെക്കാൾ വ്യക്തമായ ലീഡ് നൽകി ബി.ജെ.പിയുടെ വിജയം ആഘോഷിക്കുകയായിരുന്നു ഈ സമയം ദേശീയ ചാനലായ എ.ബി.പി ന്യൂസ്. ഭരണകക്ഷിയോട് ആഭിമുഖ്യം കാണിക്കാറുള്ള മറ്റു ചാനലുകളെല്ലാം കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ് റിപ്പോര്‍ട്ട് ചെയ്യുമ്പോഴായിരുന്നു എ.ബി.പിയുടെ വേറിട്ട കവറേജ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലടക്കം കോൺഗ്രസ് വലിയ ഭൂരിപക്ഷത്തിലേക്ക് മുന്നേറുമ്പോഴായിരുന്നു എ.ബി.പിയുടെ ആഘോഷം.

ബി.ജെ.പിയും കോൺഗ്രസും 104 എന്ന തുല്യനിലയിലെത്തിയെന്നാണ് ആദ്യം പ്രഖ്യാപിച്ചത്. ഒരു ഘട്ടത്തിൽ ബി.ജെ.പി നൂറും കടന്ന് 115 വരെ എത്തി. കോൺഗ്രസാണെങ്കിൽ 96 എന്ന നിലയിൽ പിന്നോട്ട് പോയെന്നും അവതാരകർ റിപ്പോർട്ട് ചെയ്തു. റൂബിക ലിയാഖത്തും റൊമാനയുമായിരുന്നു എ.ബി.പിയുടെ തത്സമയ തെരഞ്ഞെടുപ്പ് ബുള്ളറ്റിനു നേതൃത്വം നൽകിയത്.

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ നരേന്ദ്ര മോദി നടത്തിയ ബജ്റംഗ് ബാലി കീ മുദ്രാവാക്യം ഇടവിട്ട് പശ്ചാത്തലത്തില്‍ പ്രക്ഷേപണം ചെയ്യുന്നുമുണ്ടായിരുന്നു. എ.ബി.പി-സി വോട്ടർ എക്‌സിറ്റ്‌പോൾ ഫലത്തില്‍ കോൺഗ്രസിനു ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പ്രവചിച്ചിരുന്നത്. ബി.ജെ.പിയെ പിന്നിലാക്കി കോൺഗ്രസ് മുന്നോട്ട് കുതിക്കുമെങ്കിലും സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്ന് സർവേ സൂചിപ്പിച്ചിരുന്നു. കോൺഗ്രസിന് നൂറുമുതൽ 112 വരെ സീറ്റ് ലഭിക്കുമെന്നായിരുന്നു പ്രവചനം. ബി.ജെ.പി 83 മുതൽ 95 വരെ സീറ്റുമായി തൊട്ടുപിന്നിൽ ഇഞ്ചോടിഞ്ചുണ്ടാകുമെന്നും എക്‌സിറ്റ്‌പോളിൽ സൂചിപ്പിച്ചിരുന്നു. 

Tags:    
News Summary - National channel with separate coverage in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.