ഗുലാം നബി ആസാദ് സ്വയം തരം താഴുകയാണെന്ന് നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള

ശ്രീനഗർ: ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുമ്പ് നാഷനൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയും മകൻ ഉമർ അബ്ദുള്ളയും പ്രധാന മന്ത്രി നരേന്ദ്രമോഡിയുമായി കൂടിയാലോചന നടത്തിയെന്ന ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഗുലാം നബി ആസാദിന്റെ ആരോപണത്തിനെതിരെ രൂക്ഷ വിമർശനവുമായി ഫാറൂഖ് അബ്ദുള്ള. അടിസ്ഥാനരഹിതവും യുക്തിരഹിതവുമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിലൂടെ ഗുലാം നബി ആസാദ് സ്വയം തരം താഴുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ആസാദ് തൻ്റെ രാഷ്ട്രീയ പ്രസ്താവനകളിൽ വളരെ താഴുന്നത് കാണുമ്പോൾ സങ്കടമുണ്ട്. അദ്ദേഹത്തെപ്പോലുള്ള ഒരു നേതാവ് ഗോസിപ്പ് പ്രചരിപ്പിക്കരുത്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിലാണ് ഫറൂഖ് അബ്ദുള്ള ഗുലാം നബി ആസാദിനെ രൂക്ഷമായി വിമർശിച്ചത്. 2015ൽ രാജ്യസഭാ സീറ്റ് നേടുന്നതിന് നാഷനൽ കോൺഫറൻസിൽ നിന്ന് ലഭിച്ച പിന്തുണയെക്കുറിച്ച് ഫറൂഖ് അബ്ദുള്ള ആസാദിനെ ഓർമ്മിപ്പിച്ചു. സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നാഷനൽ കോൺഫറൻസ് നേതാക്കൾ രാത്രി 11 മണിക്ക് ശേഷം ഡൽഹിയിൽ നരേന്ദ്ര മോഡിയടക്കമുള്ളവരെ കാണാൻ ശ്രമിച്ചതെന്നും ഇത് ജനങ്ങളുടെ മനസ്സിൽ സംശയം ജനിപ്പിക്കുന്നുവെന്നും ആസാദ് അവകാശപ്പെട്ടത്.

തിങ്കളാഴ്ചയാണ് അഭിമുഖം സംപ്രേക്ഷണം ചെയ്തത്. ആർട്ടിക്കിൾ 370 റദ്ദാക്കുമെന്ന് അബ്ദുള്ളമാർക്ക് മുൻകൂർ വിവരം ലഭിച്ചിരുന്നതായും അവരുടെ സ്വന്തം ആഗ്രഹപ്രകാരമാണ് വീട്ടുതടങ്കലിൽ വെച്ചിരിക്കുന്നതെന്നും ആസാദ് ആരോപിച്ചിരുന്നു. ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ആസാദി​ന്റെ ആരോപണങ്ങൾ തള്ളിക്കളഞ്ഞു. തങ്ങൾ നരേന്ദ്ര മോഡിയടക്കമുള്ള നേതാക്കളെ കണ്ടിരുന്നുവെങ്കിൽ പി.എസ്.എ പ്രകാരം എട്ടുമാസത്തിലേറെ തങ്ങളെ തടവിലാക്കിയത് എന്തിനായിരുന്നു. കോൺഗ്രസ് വിട്ട് ബി.ജെ.പിയെ സഹായിക്കാൻ ആസാദ് സമ്മതിച്ചതിന്റെ പ്രത്യുപകാരമാണ് അദ്ദേഹത്തിന് ലഭിച്ച പത്മ ഭൂഷൺ പുരസ്‌കാരമെന്ന കാര്യം മറക്കരുതെന്നും ഉമർ അബ്ദുള്ള പറഞ്ഞു.






അതിനിടെ, കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശും ഗുലാം നബി ആസാദിനെതിരെ രംഗത്തെത്തി. നിങ്ങൾ അദ്ദേഹത്തിൽ നിന്ന് മറ്റെന്തെങ്കിലും ഗൗരവമായി പ്രതീക്ഷിച്ചിരുന്നോ? അദ്ദേഹം തികച്ചും നാണക്കേടാണ് - യഥാർത്ഥത്തിൽ, എല്ലായ്പ്പോഴും ആസാദ് അങ്ങനെയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.




Tags:    
News Summary - National Conference President Farooq Abdullah said that Ghulam Nabi Azad is degrading himself

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.