നയാബ് സിങ് സൈനി വീണ്ടും സർപ്രൈസ് സി.എം

ഛണ്ഡിഗഢ്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പാണ് ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിങ് സൈനി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഒമ്പതരവർഷമായി തൽസ്ഥാനത്ത് തുടരുന്ന മനോഹർ ലാൽ ഖട്ടറിനെ മാറ്റിയായിരുന്നു ബി.ജെ.പിയുടെ പരീക്ഷണം. ഖട്ടറിനെയും പാർട്ടി നിരാശപ്പെടുത്തിയില്ല. ഹരിയാനയിലെ കർനാൽ വഴി ലോക്സഭയിലെത്തിച്ച് കാബിനറ്റ് മന്ത്രിയാക്കി. അതുവരെയും ഖട്ടറിലൂടെ സംസ്ഥാന ഭരണത്തിലുണ്ടായ സകല ചീത്തപ്പേരും സൈനിയെ ഇറക്കി മാറ്റിയെടുക്കുകയും ചെയ്തു. കർഷക പ്രക്ഷോഭം, അഗ്നിവീർ, തൊഴിലില്ലായ്മ തുടങ്ങി സർക്കാറിനെതിരെ ഉയർന്ന എല്ലാ വിമർശനങ്ങളെയും ഈ മാറ്റത്തിലൂടെ ബി.ജെ.പി പരിഹരിച്ചു. ഈ ഓപറേഷൻ നടക്കുമ്പോൾ ഹരിയാന ബി.ജെ.പി അധ്യക്ഷനും സൈനി തന്നെയായിരുന്നു.

മാർച്ചിലായിരുന്നു സൈനിയുടെ സർപ്രൈസ് എൻട്രി. 54 ദിവസം കഴിഞ്ഞപ്പോഴേക്കും ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കുകയും ചെയ്തു. പിന്നെ, ജൂൺ രണ്ടാം വാരം തൊട്ടാണ് ഭരണചക്രം തിരിച്ചുതുടങ്ങിയത്. ഏറ്റവും വലിയ വിമർശനം ഉയർന്ന രണ്ട് വിഷയങ്ങളിൽ പെട്ടെന്ന് തീരുമാനമെടുത്തത് ഈ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് ഗുണകരമായി. അഗ്നിവീർ സൈനികരുടെ സേവന കാലാവധി കഴിഞ്ഞാലും അവർക്ക് തൊഴിൽ ഉറപ്പാക്കുന്ന നയമായിരുന്നു അതിലൊന്ന്. 10 വിളകൾക്കുകൂടി താങ്ങുവില പ്രഖ്യാപിച്ച് കർഷക പ്രക്ഷോഭകരെ തണുപ്പിക്കാനും സൈനി ശ്രമിച്ചു.

തെരഞ്ഞെടുപ്പ് ഗോദയിലും വാഗ്ദാനപ്പെരുമഴയായിരുന്നു. 1970 ജനുവരി 25ന് ഹരിയാനയിലെ മിസാപൂരിലാണ് സൈനിയുടെ ജനനം. ബിരുദധാരിയായ സൈനി ആർ.എസ്.എസിലൂടെയാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്. പിന്നീട് ഖട്ടറുമായുള്ള സൗഹൃദം ബി.ജെ.പിയിലെത്തിക്കുകയായിരുന്നു. പാർട്ടിയുടെ അംബാല ജില്ല പ്രസിഡന്റായിരുന്നു. സൈനി എന്നത് ഒ.ബി.സി വിഭാഗത്തിൽപെട്ട ജാതിയാണ്. ഈ സമൂഹത്തിന്റെ നേതാവുകൂടിയായിരുന്നു നയാബ് സൈനി. 2010ൽ, നാരായൺഗഡ് അസംബ്ലി മണ്ഡലത്തിൽനിന്ന് ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. 2014ൽ വിജയിച്ച് ആദ്യമായി നിയമസഭയിലെത്തി. അന്നത്തെ ഖട്ടർ മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയുമായി. 2019ൽ, കുരുക്ഷേത്രയിൽനിന്ന് ലോക്സഭയിലെത്തി. പാർലമെൻറ് അംഗമായിരിക്കെയാണ്, 2023 ഒക്ടോബറിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. അഞ്ച് മാസം കഴിഞ്ഞപ്പോൾ രാഷ്ട്രീയ ഗുരുവിന് പകരം സംസ്ഥാന മുഖ്യമന്ത്രിയുമായി.

ആർ.എസ്.എസിലൂടെ രാഷ്ട്രീയത്തിൽവന്നയാൾ എന്ന നിലയിൽ തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ കടുത്ത വക്താവാണ്. ഗോഗുണ്ട ആക്രമണത്തെയൊക്കെ പരസ്യമായി ന്യായീകരിച്ചിട്ടുണ്ട്. ഏതാനും മാസം മുമ്പ്, പശുക്കടത്ത് ആരോപിച്ച് പശ്ചിമ ബംഗാളിൽനിന്നുള്ള തൊഴിലാളി ആൾക്കൂട്ടാക്രമണത്തിന് ഇരയായപ്പോൾ ഗോവധ നിരോധന നിയമം ചൂണ്ടിക്കാട്ടി സൈനി ആക്രമികൾക്കൊപ്പം നിലയുറപ്പിച്ചത് വൻ വിവാദമായിരുന്നു.

Tags:    
News Summary - Nayab Singh Saini to be Haryana Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.