കുതിക്കാൻ എൻ.ഡി.എ; പിടിച്ചുകെട്ടാൻ ഇൻഡ്യ

ന്യൂഡൽഹി: വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽതന്നെ ലീഡു നിലയിൽ നരേന്ദ്ര മോദിയുടെ പിന്നാക്കം പോവലും ഇന്ത്യ മുന്നണിയുടെ മുന്നേറ്റവും എൻ.ഡി.എക്ക് വൻ ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന ബി.ജെ.പി പാളയത്തിൽ ഉണ്ടാക്കിയ ഞെട്ടൽ അത്ര ചെറുതായിരിക്കില്ല. കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷ മുന്നണി ഒരിക്കലും തലപൊക്കില്ലെന്ന ദൃഢവിശ്വാസത്തിലായിരുന്നു അവർ. എന്നാൽ, കുതിച്ചുപായാൻ കഴിയാത്ത വിധം ഇൻഡ്യ സഖ്യം എൻ.ഡി.എയെ പിടിച്ചുവലിക്കുന്ന കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായത്.

303 സീറ്റുകൾ തനിച്ചും 353 സീറ്റുകൾ സഖ്യകക്ഷികളുമായി ചേർന്നും നേടിയാണ് ബി.ജെ.പി കഴിഞ്ഞ അഞ്ച് വർഷം മുന്നോട്ട് പോയത്. ആ സമയത്ത് കോൺഗ്രസിന്റെ പ്രതീക്ഷകളെ തകിടം മറിക്കുന്നതിൽ ഹിന്ദി ബെൽറ്റ് നിർണായകമായി. യുപിയിൽ 74 ഉം ബിഹാറിൽ 39 ഉം മധ്യപ്രദേശിൽ 28 ഉം പാർട്ടി നേടി. ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് 77 സീറ്റുകൾ നേടി. ഛത്തീസ്ഗഢിലെ ഒമ്പതും ജാർഖണ്ഡിലെ 11ഉം ചേർത്താൽ ബിജെപി 238 സീറ്റുകൾ നേടി. യുപിയിലെ അമേഠി മണ്ഡലത്തിൽ നിന്ന് രാഹുൽ ഗാന്ധി ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി.

അന്ന് തുടർച്ചയായി നാലാം വിജയം സ്വന്തമാക്കാൻ നോക്കിയ കോൺഗ്രസ് നേതാവ്, പകരം ബിജെപിയുടെ സ്മൃതി ഇറാനിയോട് ദയനീയമായി തോറ്റു. എന്നാൽ, ഈ തെരഞ്ഞെടുപ്പിൽ സ്മൃതി ഇറാനി എതിരാളിയുടെ പിന്നിൽ കിതക്കുന്ന കാഴ്ചയാണ്. രാഹുൽ ഗാന്ധിയാവട്ടെ മൽസരിക്കുന്ന രണ്ടിടത്തും മുന്നേറ്റം കാഴ്ച വെക്കുന്നു. ഒരിടത്ത് അത് ലക്ഷം കടന്നിരിക്കുന്നു. ഒറ്റക്കക്ഷിയെന്ന നിലയിൽ കോൺഗ്രസ് ലീഡു നിലയിൽ 100 കടന്നിരിക്കുയാണ്. ഇത് പാർട്ടി അണികളിൽ ഉണ്ടാക്കുന്ന ആത്മവിശ്വാസം അത്ര ചെറുതല്ല.

കുതിച്ചു പായാൽ ഒരുങ്ങുന്ന എൻ.ഡി.എയെ പിടിച്ചുകെട്ടാൻ ഇൻഡ്യ മുന്നണിക്കാവുമോ എന്ന് ഉറ്റുനോക്കുകയാണ് രാജ്യം.


Tags:    
News Summary - NDA to jump, India to seize

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.