ന്യൂഡൽഹി: എൻ.ഡി.എയുെട രാഷ്ട്രപതി സ്ഥാനാർഥി രാംനാഥ് കോവിന്ദ് നാമനിർദേശ പത്രിക സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പിയുടെ മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ദേശീയ അധ്യക്ഷൻ അമിത് ഷാ, മുഖ്യമന്ത്രിമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പത്രിക സമർപ്പണം.
രാഷ്ട്രപതി സ്ഥാനാർഥിയായശേഷം അനുവദിച്ച പത്ത് അക്ബർ റോഡിലെ വസതിയിൽ നിന്ന് അമിത് ഷാക്കൊപ്പമാണ് രാംനാഥ് പാർലമെൻറ് ഹൗസിലേക്ക് എത്തിയത്. ബി.ജെ.പി ഭരിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രി സുഷമ സ്വരാജ്, ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ തമ്പി ദുരൈ, ആന്ധ്രപ്രേദശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു എന്നിവരും സന്നിഹിതരായിരുന്നു. അതേസമയം, ജനതാദൾ(യു) നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിെൻറ അഭാവം ശ്രദ്ധിക്കപ്പെട്ടു. ജമ്മു- കശ്മീർ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിയും ഗോവ മുഖ്യമന്ത്രി മനോഹർ പരീകറും എത്തിയില്ല.
നാല് സെറ്റ് പത്രികയാണ് ഉച്ചക്ക് 12.03ഒാടെ പാർലമെൻറ് ഹൗസിൽ ലോക്സഭ സെക്രട്ടറി ജനറൽ അനൂപ് മിശ്രക്ക് മുമ്പാകെ സമർപ്പിച്ചത്. ആദ്യ സെറ്റ് പത്രികയിൽ പ്രധാനമന്ത്രിയും രണ്ടാമത്തേതിൽ അമിത് ഷായും മൂന്നാമത്തേതിൽ പ്രകാശ്സിങ് ബാദലും നാലാമത്തേതിൽ ചന്ദ്രബാബു നായിഡുവും ഒപ്പിട്ടു. പ്രതിപക്ഷത്തിെൻറ രാഷ്ട്രപതി സ്ഥാനാർഥി മീരാ കുമാർ 27ന് പത്രിക സമർപ്പിച്ചേക്കും. ജൂലൈ 17 നാണ് തെരഞ്ഞെടുപ്പ്. 20 ന് ഫലം പ്രഖ്യാപിക്കും. എൻ.ഡി.എ സ്ഥാനാർഥിക്ക് 62 ശതമാനം വോട്ട് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. എൻ.സി.പിയും എസ്.പിയും ബി.എസ്.പിയും പ്രതിപക്ഷ നിരയിൽ ഉറച്ചുനിന്നതോടെ നല്ല മത്സരം കാഴ്ചവെക്കാമെന്ന അത്മവിശ്വാസം പ്രതിപക്ഷത്തിനുണ്ട്. രാഷ്ട്രപതി പ്രണബ് മുഖർജിയുടെ കാലാവധി ജൂലൈ 24ന് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.