ഇംഫാല്: മണിപ്പൂരിൽ മെയ്തേയ് -ഗോത്ര വർഗ കലാപത്തിൽ അറുപത് പേർ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി എൻ ബീരേൻ സിങ്. മേയ് മൂന്നിന് തുടങ്ങിയ കലാപത്തിൽ 231 പേർക്കാണ് ഇത് വരെ പരിക്കേറ്റത്. 1700 വീടുകൾ അഗ്നിക്കിരയായി. കലാപബാധിത പ്രദേശങ്ങളിൽനിന്ന് സൈന്യം 23,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയതായി അധികൃതർ അറിയിച്ചു.
എന്നാൽ, കണ്ടാൽ വെടിവെച്ചു കൊല്ലാമെന്ന സർക്കാർ ഉത്തരവിന്റെ പിൻബലത്തിൽ എത്ര മനുഷ്യരെ വെടിവെച്ചുകൊന്നുവെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു. മണിപ്പൂരിലെ അക്രമം മനുഷ്യനിർമിതമാണെന്നും മമത ആരോപിച്ചു. ‘വെടിവെപ്പിൽ എത്രപേർ മരിച്ചുവെന്ന് നമുക്ക് അറിയില്ല. ആ കണക്ക് സർക്കാർ നൽകിയിട്ടില്ല. ഞാൻ ഇവിടെ രാഷ്ട്രീയം പറയുകയല്ല, പക്ഷേ എത്രപേർ മരിച്ചുവെന്ന് ആളുകൾക്ക് അറിയണം. പശ്ചിമ ബംഗാളിലായിരുന്നു എന്തെങ്കിലും സംഭവിച്ചതെങ്കിൽ അവർ (കേന്ദ്രസർക്കാർ) എന്തൊക്കെ ചെയ്യുമായിരുന്നു. കേന്ദ്ര സംഘത്തെ അയച്ച് ധാരാളം വിശദീകരണങ്ങൾ നൽകുമായിരുന്നു. ബംഗാൾ സന്ദർശിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അതിന് പകരം മണിപ്പൂരിലേക്കാണ് പോകേണ്ടത്’ മമത പറഞ്ഞു.
കർഫ്യൂവിൽ ഇളവ് വരുത്തിയതോടെ സംസ്ഥാനത്ത് ജനജീവിതം സാധാരണ നിലയിലേക്കു മടങ്ങുന്നു. ഇംഫാൽ വെസ്റ്റ് ജില്ലയിലും മറ്റു പ്രദേശങ്ങളിലും തിങ്കളാഴ്ച രാവിലെ അഞ്ചു മുതൽ എട്ടുവരെ മൂന്നു മണിക്കൂറാണ് കർഫ്യൂവിൽ ഇളവ് നൽകിയത്.
ഇതോടെ ജനങ്ങൾ അവശ്യസാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങി. ഇംഫാലിൽ ഉൾപ്പെടെ രാവിലെ കാറുകളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങി. കലാപത്തിന്റെ പ്രഭവകേന്ദ്രമായ ചുരാചന്ദ്പുരിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും പെട്രോൾപമ്പുകളിൽ കാറുകളുടെയും മറ്റു വാഹനങ്ങളുടെയും നീണ്ട നിര കാണാമായിരുന്നു.
അതേസമയം, സംസ്ഥാനത്തും മ്യാന്മർ അതിർത്തിയിലും ഡ്രോണുകളും ഹെലികോപ്ടറുകളും നിരീക്ഷണം തുടർന്നു. സൈന്യവും അർധസൈനിക വിഭാഗവും മണിപ്പൂരിന്റെ പല പ്രദേശങ്ങളിലും ഫ്ലാഗ് മാർച്ച് നടത്തി. കലാപം നിയന്ത്രിക്കാൻ സൈന്യവും അർധസൈനികരും പൊലീസും ഉൾപ്പെടെ പതിനായിരത്തോളം സുരക്ഷസേനാംഗങ്ങളെയാണ് വിന്യസിച്ചത്. മണിപ്പൂരിന്റെ രാജ്യാന്തര അതിർത്തിയിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. മെയ്തേയി വിഭാഗത്തിന് പട്ടികവർഗപദവി നൽകാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് ബുധനാഴ്ച മുതൽ സംഘർഷം തുടങ്ങിയത്.
പലായനം ചെയ്യേണ്ടിവന്നവരുടെ പുനരധിവാസവും ആരാധനാലയങ്ങളുടെ സംരക്ഷണവും ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതി സംസ്ഥാന സർക്കാറിന് നിർദേശം നൽകി. ദുരിതാശ്വാസ ക്യാമ്പുകളിൽ മരുന്നിനും ഭക്ഷണത്തിനും ക്രമീകരണങ്ങൾ ഏർപ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.കലാപത്തിന് കാരണമായെന്ന ആക്ഷേപത്തിനിടയാക്കിയ മണിപ്പൂർ ഹൈകോടതിയുടെ വിവാദ വിധിയുമായി ബന്ധപ്പെട്ട് ഉചിതമായ വേദിയിൽ തുടർ നടപടി എടുക്കുമെന്ന് മണിപ്പൂർ സർക്കാർ സുപ്രീംകോടതിക്ക് ഉറപ്പു നൽകി.
പലായനം ചെയ്യേണ്ടിവന്ന മനുഷ്യരെ തിരിച്ചെത്തിക്കാൻ നടപടി എടുക്കുന്നുണ്ടോ എന്ന് ബെഞ്ച് മണിപ്പൂർ സർക്കാറിനോട് ചോദിച്ചു. നടപടി എടുക്കുന്നുണ്ടെന്നും അവരെ സുരക്ഷിതമായി തിരികെ എത്തിക്കുമെന്നും സംസ്ഥാന സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. എത്ര ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിടുന്നുണ്ടെന്നും എത്രപേർ ആ ക്യാമ്പുകളിലുണ്ടെന്നുമുള്ള കോടതിയുടെ ചോദ്യത്തിന് അന്വേഷിച്ചു പറയാമെന്ന് എസ്.ജി മറുപടി നൽകി. ആരാധനാലയങ്ങൾ സംരക്ഷിക്കാനുള്ള നടപടി എടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
മണിപ്പൂർ കലാപത്തെ കുറിച്ച് പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം ആവശ്യപ്പെട്ട് ഡൽഹിയിലെ മണിപ്പൂർ ട്രൈബൽ ഫോറവും മെയ്തേയി സമുദായത്തെ പട്ടികവർഗ വിഭാഗമാക്കാൻ കേന്ദ്ര സർക്കാറിനോട് ശിപാർശ ചെയ്യാനുള്ള ഹൈകോടതി ഉത്തരവിനെതിരെ ബി.ജെ.പി എം.എൽ.എയും സമർപ്പിച്ച രണ്ട് ഹരജികളാണ് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിച്ചത്.
52 കമ്പനി കേന്ദ്ര സായുധ പൊലീസിനെയും കരസേനയുടെയും അസം റൈഫിൾസിന്റെയും 105 കോളങ്ങളും വിന്യസിച്ചുവെന്നും അസ്വസ്ഥബാധിത പ്രദേശങ്ങളിൽ സൈന്യം ഫ്ലാഗ് മാർച്ച് നടത്തിയെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ സുരക്ഷാ ഉപദേശകനായും മണിപ്പൂർ കേഡറിലുള്ള ഐ.എ.എസ് ഓഫിസറെ ഡെപ്യൂട്ടേഷനിൽ സംസ്ഥാന ചീഫ് സെക്രട്ടറിയായും നിയമിച്ചുവെന്നും മേത്ത ബോധിപ്പിച്ചു.
ഈ നടപടികൾമൂലം കഴിഞ്ഞ രണ്ടു ദിവസമായി മണിപ്പൂരിൽനിന്ന് അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. അതിനാൽ കാര്യങ്ങൾ പൂർണമായും ശാന്തമാകുന്നതുവരെ കലാപവുമായും കലാപത്തിന് കാരണമായ മെയ്തേയികളുടെ പട്ടിക വർഗ പദവിയുമായും ബന്ധപ്പെട്ട ഹരജികൾ ഒരാഴ്ചക്ക് മാറ്റിവെക്കണമെന്ന മേത്തയുടെ ആവശ്യം അംഗീകരിച്ച സുപ്രീംകോടതി ഈ മാസം 17ലേക്ക് മാറ്റി. അതിന് മുമ്പായി കേന്ദ്ര സർക്കാർ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണം.
അതേസമയം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ കൊലയും തീവെയ്പും നടന്നതിന്റെ വിവരങ്ങൾ തങ്ങൾ സമർപ്പിച്ച സത്യവാങ്മൂലത്തിലുണ്ടെന്ന് മണിപ്പൂർ ട്രൈബൽ ഫോറത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ബോധിപ്പിച്ചു. ചില കുന്നിൻ പ്രദേശങ്ങളിൽനിന്ന് ഗോത്രവർഗക്കാരെ മാറ്റിപ്പാർപ്പിക്കാൻ അടിയന്തര നടപടിയെടുക്കണമെന്നും വീണ്ടും കൊലപാതകങ്ങൾ നടന്നേക്കുമെന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം തുടർന്നു. അത്തരം പ്രദേശങ്ങൾ ഏതാണെന്നും ഗോൺസാൽവസ് ചൂണ്ടിക്കാട്ടി.
എന്നാൽ, വിപരീത ഫലമുണ്ടാക്കുന്ന ഒന്നും ഇപ്പോൾ കോടതിയിൽ പറയരുതെന്ന എസ്.ജിയുടെ വാദം അംഗീകരിച്ച സുപ്രീംകോടതി നടപടികൾ സ്ഥിതിഗതികൾ അസ്ഥിരപ്പെടുത്താനുള്ള അവസരമായി മാറരുതെന്ന് കോളിൻ ഗോൺസാൽവസിനോട് പറഞ്ഞു. അതിനാൽ ഹരജിയിലെ വൈകാരികമായ ഭാഗങ്ങൾ കോടതിമുറിയിൽ വായിക്കാതെ അടയാളപ്പെടുത്തി കാണിക്കാനും ബെഞ്ച് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.