ചെന്നൈ: നീറ്റ് പരീക്ഷയുടെ ഉത്തര സൂചിക പരിശോധിച്ചതിന് പിന്നാലെ തമിഴ്നാട്ടിലെ നാമക്കൽ ജില്ലയിൽ നിന്നും 19കാരിയെ കാണാതായി. വെള്ളിയാഴ്ച ഉത്തരസൂചിക നോക്കിയതിന് പിന്നാലെ മകൾ ശ്വേതയെ കാണാതായതായി കാണിച്ച് പിതാവ് പൊലീസിൽ പരാതി നൽകി.
സെപ്റ്റംബർ 12നായിരുന്നു അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് നടന്നത്. ശ്വേത രണ്ടാം തവണയായിരുന്നു പരീക്ഷ എഴുതിയത്. രാസിപുരം പൊലീസ് സ്റ്റേഷനിലാണ് മാതാപിതാക്കൾ പരാതി നൽകിയത്.
നീറ്റ് പരീക്ഷ പേടിയുമായി ബന്ധപ്പെട്ട് നിരവധി വിദ്യാർഥികൾ തമിഴ്നാട്ടിൽ ജീവനൊടുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്നാട് നിയമസഭ നീറ്റ് പരീക്ഷക്കെതിരെ ബിൽ കൊണ്ടുവന്നത്. പരീക്ഷപ്പേടിയിൽ കടുംകൈ ചെയ്യരുതെന്നും കരുത്തോടെയിരിക്കണമെന്നും നടൻ സൂര്യ കുട്ടികളോട് വിഡിയോ സന്ദേശത്തിലൂടെ അഭ്യർഥിച്ചിരുന്നു. സ്വയം ജീവനൊടുക്കുന്നത് മാതാപിതാക്കൾക്ക് ജീവപര്യന്തം ശിക്ഷ നൽകുന്നതിന് സമാനമാണെന്ന് വിഡിയോയിൽ സൂര്യ പറഞ്ഞു.
മൂന്ന് വിദ്യാർഥികളാണ് നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്തത്. ഇതോടെ നീറ്റ് പരീക്ഷയുമായി ബന്ധെപട്ട് കൗൺസിലിങ് നൽകാനായി സംസ്ഥാന സർക്കാർ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ്ലൈൻ സ്ഥാപിച്ചിരുന്നു. മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടാൻ 104ലേക്കാണ് വിളിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.