നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നിട്ടില്ല; ഗ്രേസ് മാർക്ക് പുനഃപരിശോധിക്കാൻ സമിതി​യെന്ന് എൻ.ടി.എ

ന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി ഡയറക്ടർ ജനറൽ ശുഭ്ദോ കുമാർ. പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു എൻ.ടി.എ തലവന്റെ പ്രതികരണം.

ആറ് പരീക്ഷ സെന്ററുകളിൽ മാത്രമാണ് പ്രശ്നങ്ങൾ ആരോപിക്കപ്പെടുന്നത്. വിദ്യാർഥികൾക്ക് നൽകിയ ഗ്രേസ്മാർക്കിൽ പുനഃപരിശോധനയുണ്ടാവും. ഇതിനായി വിദ്യാഭ്യാസ മന്ത്രാലയം സമിതിയെ നിയോഗിക്കും. 1500ഓളം വിദ്യാർഥികളുടെ ഫലമായിരിക്കും ഇത്തരത്തിൽ പരിശോധിക്കുക. ഇത് അഡ്മിഷൻ നടപടികളെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാം സുതാര്യമായി പരിശോധിച്ചാണ് നീറ്റ് പരീക്ഷ ഫലം പ്രഖ്യാപിച്ചത്. 4750 പരീക്ഷാസെന്ററുകളിൽ ആറെണ്ണത്തിൽ മാത്രമാണ് പ്രശ്നമുള്ളത്. 24 ലക്ഷം വിദ്യാർഥികളിൽ 1600 പേരെ മാത്രമാണ് ഇത് ബാധിക്കുക. പരീക്ഷയുടെ വിശ്വാസ്യതയിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത് ലോകത്തിലെ ഏറ്റവും വലിയ മത്സരപരീക്ഷകളിൽ ഒന്നാണ്. 4700 സെന്റുകളിലായി 24 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. 44 പേർക്ക് ഗ്രേസ് മാർക്ക് നൽകിയതിനാലാണ് ഒന്നാം റാങ്കുകാരുടെ എണ്ണം കൂടിയതെന്നും എൻ.ടി.എ വിശദീകരിച്ചു.

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണമാണ് ഉയരുന്നത്. ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് പ്രധാന ചർച്ചയാകുന്നത്. ഇതിൽ ആറു പേർ ഒരേ സെന്‍ററിൽനിന്ന് പരീക്ഷ എഴുതിയവരാണെന്ന ആരോപണവും പരാതിക്കാർ ഉന്നയിക്കുന്നു. ഒന്നാം റാങ്ക് ലഭിച്ചവരിൽ ചിലർക്ക് ഗ്രേസ്മാർക്ക് നൽകിയെന്നാണ് എൻ.ടി.എ പറയുന്നത്.

എന്‍സിഇആര്‍ടി പാഠപുസ്തകത്തിലെ ഉത്തരത്തിന്‍റെ പിഴവിനാണ് ഗ്രേസ് മാര്‍ക്ക് എന്നാണ് എൻ.ടി.എ വീശദീകരിക്കുന്നത്. ഒപ്പം രണ്ടാം റാങ്ക് ലഭിച്ച വിദ്യാർഥികൾക്ക് സമയം കിട്ടിയില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലുമാണ് ഗ്രേസ് മാർക്ക് നൽകിയത്. മുൻകോടതി വിധികളുടെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാർക്ക് നൽകിയതെന്നാണ് എൻ.ടി.എ വ്യക്തമാക്കുന്നത്. 

Tags:    
News Summary - NEET exam integrity not compromised, no paper leak: NTA chief on 'irregularities'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.