അഹ്മദാബാദ്: നീറ്റ് ക്രമക്കേടിൽ രാജ്യവ്യാപകമായി അന്വേഷണം തുടരുന്നതിനിടെ ഗുജറാത്തിലെ ഗോധ്രയിൽ സ്വകാര്യ സ്കൂൾ ഉടമ സി.ബി.ഐ പിടിയിൽ. പഞ്ചമൽ ജില്ലയിൽ ഗോധ്രക്കു സമീപത്തെ ജയ് ജലറാം സ്കൂൾ ഉടമ ദീക്ഷിത് പട്ടേലാണ് ഞായറാഴ്ച പുലർച്ചെ വീട്ടിൽനിന്ന് പിടിയിലായത്. ഇയാളെ അഹ്മദാബാദിലേക്ക് കൊണ്ടുപോകുന്നതായി പബ്ലിക് പ്രോസിക്യൂട്ടർ രാകേഷ് താക്കൂർ അറിയിച്ചു.
മേയ് അഞ്ചിന് നടന്ന നീറ്റ് യു.ജി പരീക്ഷ കേന്ദ്രങ്ങളിലൊന്നായിരുന്നു ജയ് ജലറാം സ്കൂൾ. പരീക്ഷ ചോദ്യ പേപർ ചോർത്താൻ വിദ്യാർഥികളിൽനിന്ന് 10 ലക്ഷം രൂപ വീതം ആവശ്യപ്പെട്ട കേസിൽ ആറാം പ്രതിയാണ് ദീക്ഷിത് പട്ടേൽ.
അതേ സമയം, ക്രമക്കേട് നടന്ന ഗുജറാത്ത് ഗോധ്രയിലെ ജയ് ജലറാം ഇന്റർനാഷനൽ സ്കൂൾ മാനേജ്മെന്റ് ബി.ജെ.പിയുടെ സ്വന്തക്കാരാണെന്ന് കോൺഗ്രസ്. ക്രമക്കേടിൽ മുൻകാല ചരിത്രമുള്ള ജയ് ജലറാം സ്കൂളുകളിൽ നീറ്റ് പരീക്ഷയുടെ രണ്ട് കേന്ദ്രങ്ങൾ ദേശീയ പരീക്ഷ ഏജൻസി (എൻ.ടി.എ) അനുവദിച്ചത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ ശക്തി സിങ് ഗോഹിൽ ആവശ്യപ്പെട്ടു.
ജയ് ജലറാം മാനേജ്മെന്റ് ബി.ജെ.പിക്ക് സ്ഥിരമായി ഫണ്ട് നൽകുക മാത്രമല്ല, ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധവുമുണ്ട്. മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി യു.പി ഗവർണർ ആനന്ദിബെൻ പട്ടേലിനും ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിക്കുമൊപ്പം ജയ് ജലറാം സ്കൂളുകളിലൊന്ന് ഉദ്ഘാടനം ചെയ്യുന്ന ചിത്രം, ജയ് ജലറാം ട്രസ്റ്റ് ചെയർമാൻ ദീക്ഷിത് പട്ടേൽ പൊതുചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചെക്ക് കൈമാറുന്ന ചിത്രം, ഇയാൾ ബി.ജെ.പി നേതാക്കൾക്കും സംസ്ഥാന മന്ത്രിമാർക്കും ഒപ്പം നിൽക്കുന്ന ചിത്രം എന്നിവയും ഡൽഹി കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ ഗോഹിൽ പ്രദർശിപ്പിച്ചു.
വിവിധ സംസ്ഥാനങ്ങളിലെ വിദ്യാർഥികളിൽനിന്ന് പണം വാങ്ങി ജയ് ജലറാം സ്കൂൾ എങ്ങനെയാണ് നീറ്റ് പരീക്ഷയിൽ കൃത്രിമം കാണിച്ചതെന്ന് ഗോധ്ര ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഗോധ്ര സെഷൻസ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. ബിഹാർ, ഝാർഖണ്ഡ്, ഒഡിഷ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികൾ ഗോധ്രയിൽ പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കുന്നത് സംശയം ജനിപ്പിക്കേണ്ടതും മുൻകരുതൽ നടപടി സീകരിക്കേണ്ടതുമായിരുന്നു.
ആയിരത്തിലധികം കിലോമീറ്റർ അകലെയുള്ള വിദ്യാർഥികൾ വിമാനത്താവളം പോലുമില്ലാത്ത ഗോധ്ര നഗരത്തിലെ ജയ് ജലറാം സ്കൂളാണ് ഇഷ്ടപ്പെടുന്നത്. വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് മുമ്പ് ഹൈകോടതി പിഴ ചുമത്തിയ ചരിത്രമുള്ള ഈ സ്കൂളിന് മാർഗനിർദേശങ്ങൾ ലംഘിച്ച് എൻ.ടി.എ രണ്ട് കേന്ദ്രങ്ങൾ നൽകിയത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.
കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള മൂന്നാമത്തെ വ്യക്തിയായ ആരിഫ് വോറ ഗുജറാത്ത് ബി.ജെ.പി ന്യൂനപക്ഷ മോർച്ച വൈസ് പ്രസിഡന്റായിരുന്നു. ആരിഫിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നെങ്കിലും അഹ്മദാബാദിലെ ബി.ജെ.പി സംസ്ഥാന ഓഫിസിൽ അദ്ദേഹത്തെ ആദരിക്കുന്ന ചിത്രങ്ങൾ തന്റെ കൈവശമുണ്ട്. ജയ് ജലറാം ട്രസ്റ്റിന് നീറ്റ് സെൻററുകൾ അനുവദിക്കാൻ ആരാണ് സഹായിച്ചത്? സ്രാവുകൾ സ്വതന്ത്രമായി വിഹരിക്കുമ്പോൾ എന്തുകൊണ്ടാണ് ചെറുമീനുകളെ മാത്രം ലക്ഷ്യമിടുന്നത്? എന്തുകൊണ്ട് ജയ് ജലറാം ചെയർമാനെ അറസ്റ്റ് ചെയ്തില്ല? ജയ് ജലറാമിന് മറ്റ് പല പ്രധാന പരീക്ഷാ കേന്ദ്രങ്ങളും ലഭിച്ചിട്ടുണ്ടെന്നും ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.