വടക്കൻ കർണാടകയിൽ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലമാണ് ധാർവാഡ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ പ്രൾഹാദ് ജോഷി നാലാമൂഴം തേടുന്ന മണ്ഡലത്തിൽ ഒരു കൊലപാതകത്തെ തുടർന്നുള്ള കോലാഹലത്തിൽ മത്സരചിത്രം തന്നെ മാറിയിരിക്കുന്നു. ഹുബ്ബള്ളി നഗരത്തിലെത്തുമ്പോൾ മിക്കയിടത്തും ‘ജസ്റ്റിസ് ഫോർ നേഹ’ എന്ന ബോർഡ് കാണാം.
കേസിന് തീവ്രവാദ സ്വഭാവമുണ്ടെന്നും കോൺഗ്രസിനുകീഴിൽ ഇത്തരം സംഭവങ്ങൾ പതിവാകുന്നുവെന്നുമായിരുന്നു ബി.ജെ.പി പ്രചാരണം. ‘ലവ് ജിഹാദ്’ ആരോപണം ഉയർത്തിവിട്ട ബി.ജെ.പിയെ ഫലപ്രദമായി പ്രതിരോധിക്കാനാവാതെ കോൺഗ്രസ് വിയർക്കുന്നതായിരുന്നു ഇതുവരെയുള്ള കാഴ്ച. എന്നാൽ, പ്രൾഹാദ് ജോഷിക്കെതിരെ കോൺഗ്രസ് ജയിക്കണമെന്ന് കോൺഗ്രസിനേക്കാളും ആഗ്രഹിക്കുന്ന സാധാരണ ജനങ്ങൾ ‘റുക്സാന’യുടെ മരണം കൂടി ചർച്ച ചെയ്യുന്നു.
സമാന സ്വഭാവമുള്ള രണ്ടു കൊലപാതകങ്ങളാണ് മൂന്നാഴ്ചക്കിടെ കർണാടകയിൽ നടന്നത്. മാർച്ച് 31ന് തുമകൂരു കാടൂരിൽ കത്തിക്കരിഞ്ഞ നിലയിൽ റുക്സാന (21) എന്ന യുവതിയുടെ മൃതദേഹം കണ്ടെത്തുന്നു. ഏപ്രിൽ 18ന് ഹുബ്ബള്ളി ബി.വി.ബി കോളജിൽ നേഹ ഹിരേമത് (23) എന്ന വിദ്യാർഥിനി കൊല്ലപ്പെടുന്നു.
ഇരു കേസിലും സുഹൃത്തായ ഇതര മതക്കാരനായിരുന്നു പ്രതികൾ. റുക്സാന കൊലപാതകം സാധാരണ വാർത്തയായൊതുങ്ങി. നേഹയുടെ മരണം ‘ലവ് ജിഹാദ്’ ആരോപണത്തിലെത്തി; ബി.ജെ.പി അത് ദേശീയ തലത്തിൽതന്നെ കത്തിച്ചു. ജെ.പി. നഡ്ഡയും അമിത് ഷായുമെല്ലാം നേഹയുടെ വീട്ടിലെത്തി.
കത്തിക്കാളുന്ന ഉച്ചച്ചൂടിനിടെയാണ് ഈ ലേഖകൻ നേഹയുടെ പിതാവ് നിരഞ്ജൻ ഹിരേമതിനെ കാണാൻ ചെന്നത്. ഹുബ്ബള്ളി നഗരത്തിന്റെ പ്രാന്തപ്രദേശമായ ബിദ്നാലിലാണ് വീട്. മുമ്പ് ബി.ജെ.പിക്കാരനായിരുന്ന നിരഞ്ജൻ ഹിരേമത് ഇപ്പോൾ കോൺഗ്രസ് കൗൺസിലറാണ്. അദ്ദേഹവുമായി സംസാരിച്ചപ്പോൾ, പറയുന്നതെല്ലാം പഠിപ്പിച്ചുവെച്ച വാക്കുകൾ പോലെ.
കൊലപാതകം ആസൂത്രിതമാണെന്നും പിന്നിൽ കേരളത്തിലും കർണാടകയിലെ തീരമേഖലയിലും സാന്നിധ്യമുള്ള സംഘമാണെന്നും രാജ്യത്തിന്റെ പലഭാഗത്തും ഇത്തരം സംഭവങ്ങൾ നടക്കുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. ‘ഇവർ ഏതെങ്കിലും പ്രത്യേക സമുദായത്തിൽ നിന്നുള്ളവരാണെന്നാണോ നിങ്ങൾ കരുതുന്നത്?’- ഞാൻ ചോദിച്ചു. ‘അതെ, ഞാൻ പറയുന്നത് ആരെക്കുറിച്ചാണെന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ..?’ - ഹിരേമത് പ്രതികരിച്ചു.
അപ്പോൾ, റുക്സാനയുടെ കൊലപാതകത്തിനുപിന്നിലും ഇത്തരം സംഘമാണോ എന്ന ചോദ്യത്തിന് ‘ആവാം’ എന്ന് പരസ്പരം പൊരുത്തപ്പെടാത്ത ഒഴുക്കൻ മറുപടി. കഴിഞ്ഞദിവസം ഹുബ്ബള്ളി നെഹ്റു മൈതാനത്ത് അമിത് ഷാ പങ്കെടുത്ത പ്രചാരണ പരിപാടിയിൽ നിരഞ്ജൻ വേദിയിലുണ്ടായിരുന്നു.
അതിനു പിന്നാലെ സമീപ മണ്ഡലമായ ബെളഗാവിയിൽ കോൺഗ്രസ് സ്ഥാനാർഥിയും ലിംഗായത്തുകാരനുമായ മൃണാൾ ഹെബ്ബാൾക്കറിന് വോട്ടഭ്യർഥിച്ചു. എന്തായാലും വൈകാതെ ഇയാൾ ബി.ജെ.പിയിലേക്ക് മടങ്ങുമെന്നാണ് സൂചനകൾ.
ധാർവാഡിൽ തുടങ്ങിവെച്ച ‘ലവ് ജിഹാദ്’ വിവാദം രാജ്യം മുഴുവൻ പ്രചാരണ വിഷയമാക്കാൻ ശ്രമിച്ച ബി.ജെ.പിക്ക് സഖ്യപാർട്ടിയായ ജെ.ഡി-എസിന്റെ സിറ്റിങ് എം.പി പ്രജ്വൽ രേവണ്ണയുടെ ലൈംഗികാപവാദ കേസാണ് തിരിച്ചടിയായത്.
മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും സിറ്റിങ് എം.പി പ്രൾഹാദ് ജോഷിയും തമ്മിലെ ഇടച്ചിലിൽ ലിംഗായത്ത് സന്യാസി ദിംഗലേശ്വർ സ്വാമി ധാർവാഡിൽ മത്സരരംഗത്തിറങ്ങിയിരുന്നു. എന്നാൽ, ലിംഗായത്ത് സമുദായക്കാരിയായ നേഹയുടെ കൊലപാതകത്തെ തുടർന്നുള്ള വിവാദത്തോടെ സമുദായ സന്യാസിമാരുടെ സമ്മർദത്താൽ ദിംഗലേശ്വർ സ്വാമി സ്ഥാനാർഥിത്വം പിൻവലിച്ചെങ്കിലും കോൺഗ്രസ് സ്ഥാനാർഥിയായ വിനോദ് അസൂതിക്കാണ് പിന്തുണ.
കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും ലിംഗായത്ത് സ്ഥാനാർഥിയെ മാത്രം നിർത്തിയ കോൺഗ്രസ് ഇത്തവണ ഗ്രാമീണ മേഖലയിൽ സ്വാധീനമുള്ള കുറുബ സമുദായത്തിൽനിന്നുള്ള യുവ നേതാവ് വിനോദ് അസൂതിയെയാണ് നിയോഗിച്ചത്. നഗര മേഖല വിട്ട് ഗ്രാമീണ മേഖലയിലാണ് അസൂതി കൂടുതലായും പ്രചാരണം കേന്ദ്രീകരിക്കുന്നത്.
ഷിഗ്ഗോണിൽ അസൂതിയുടെ പ്രചാരണത്തിനിടെ അട്ടപ്പാടിക്കാരൻ നന്ദകുമാറിനെ കണ്ടു. അസൂതിയുടെ പ്രചാരണ വാഹനത്തിന്റെ ഡ്രൈവറാണ്. ബംഗളൂരുവിൽനിന്ന് നിയോഗിച്ചതാണ് നന്ദകുമാറിനെ. സ്ഥാനാർഥിക്ക് സ്വീകാര്യതയുണ്ടെന്നും വിനയമുള്ള നേതാവാണെന്നും നന്ദകുമാർ പറഞ്ഞു.
വടക്കൻ കർണാടകയുടെ സിരാകേന്ദ്രമാണ് ഇരട്ട നഗരമായ ഹുബ്ബള്ളി- ധാർവാഡ്. നഗരം വിട്ടാൽ ബഹുഭൂരിഭാഗവും കാർഷിക മേഖലയാണ്. നിർദിഷ്ട കാലസ- ബണ്ഡൂരി കനാൽ പദ്ധതിയടക്കം വിഷയങ്ങളേറെയാണെങ്കിലും അതൊന്നും പാർട്ടികളുടെ ചർച്ചയിലില്ല.
ധാർവാഡിൽ ഇത്തവണ ബി.ജെ.പി ഇതര വോട്ടുകൾ ഏകീകരിക്കുന്നതിൽ ‘എദ്ദേളു കർണാടക’യും ‘സംവിധാന സുരക്ഷാ സമിതി’യും അടക്കമുള്ള സെക്കുലർ മൂവ്മെന്റുകൾ നന്നായി പരിശ്രമിക്കുന്നുണ്ട്. മലയാളിയും കാസർകോട്ടുകാരനുമായ അഷ്റഫ് അലി ബഷീർ അഹ്മദ് ഇതിനെല്ലാം നേതൃത്വം നൽകുന്നു. ഹുബ്ബള്ളിയിൽ കഴിഞ്ഞദിവസങ്ങളിൽ ആക്ടിവിസ്റ്റുകളായ പ്രകാശ്രാജും ഗണേഷ് ദേവിയും യോഗേന്ദ്ര യാദവും കാമ്പയിന് എത്തിയിരുന്നു.
ലിംഗായത്തുകൾ, മുസ്ലിംകൾ, കുറുബർ, എസ്.സി/ എസ്.ടി വിഭാഗങ്ങൾക്ക് കാര്യമായ വോട്ടുള്ള മണ്ഡലത്തിൽ പൊതുവേ മുസ്ലിം വോട്ടുകൾ മുഴുവൻ പോൾ ചെയ്യപ്പെടാറില്ല. ചെയ്തിട്ടും കാര്യമില്ലെന്ന അലസ മനോഭാവം. എന്നാൽ, ഇത്തവണ പരമാവധി വോട്ടുകൾ പോൾ ചെയ്യാൻ മുസ്ലിം കൂട്ടായ്മയായ അൻജുമാനെ ഇസ്ലാമിനെ കൂട്ടുപിടിച്ച് സെക്കുലർ മൂവ്മെന്റുകൾ ശ്രമിക്കുന്നു.
ബി.ജെ.പിയിൽ ഷെട്ടർ അനുകൂലികളുടെ രോഷവുമുണ്ട്. ജോഷിക്കെതിരെ ദിംഗലേശ്വർ സ്വാമി മേയ് ഒന്നു മുതൽ പരസ്യ പ്രചാരണത്തിനിറങ്ങി. നേഹയുടെ മരണം ഉയർത്തിയ വിവാദത്താൽ ഈസി വാക്കോവറിലേക്ക് കടക്കുമായിരുന്ന മണ്ഡലത്തിൽ പ്രജ്വൽ രേവണ്ണ വിവാദത്തോടെ പൊടിയടങ്ങിയിരിക്കുന്നു. ബാബരി കാലത്തിനുശേഷം ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം കൂട്ടിവന്ന ബി.ജെ.പി ഇത്തവണ ജയിച്ചാലും ഭൂരിപക്ഷം താഴുമെന്നതാണ് സൂചനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.