കാഠ്മണ്ഡു: ഇന്ത്യയുമായുള്ള അതിർത്തി തർക്കം നിലനിൽക്കുന്നതിനിടെ, ലിപുലേഖ്, കാലാപാനി, ലിംപിയാധുര മേഖലകൾ ഉൾപ്പെടുത്തിയുള്ള ഭൂപടത്തിന് നേപ്പാൾ മന്ത്രിസഭ അംഗീകാരം നൽകി.ഇന്ത്യയുമായുള്ള അതിർത്തി തർക്കങ്ങൾ നയതന്ത്ര തലത്തിൽ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ഏതാനും ആഴ്ചകൾക്ക് മുമ്പ് നേപ്പാൾ വിദേശകാര്യ മന്ത്രി പ്രദീപ് കുമാർ ഗ്യാവാലി പറഞ്ഞിരുന്നു.
മൂന്ന് മേഖലകളും നേപ്പാളിന് തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് ഭരണകക്ഷിയായ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി സഭാംഗങ്ങൾ പ്രത്യേക പ്രമേയം പാർലമെൻറിൽ അവതരിപ്പിച്ചു. ലിപുലേഖ് ചുരം കാലാപാനിക്കടുത്താണ്. ഇന്ത്യയും നേപ്പാളും ഒരുപോലെ അവകാശമുന്നയിക്കുന്ന പ്രദേശമാണ് കാലാപാനി.
ഉത്തരാഖണ്ഡിലെ പിതോറഗഡ് ജില്ലയിലാണ് കാലാപാനിയെന്ന് ഇന്ത്യ പറയുേമ്പാൾ തങ്ങളുടെ ധർചുല ജില്ലയുടെ ഭാഗമാണതെന്നാണ് നേപ്പാളിെൻറ വാദം. നേപ്പാൾ മന്ത്രിസഭ അംഗീകരിച്ച ഭൂപടം ഉടൻ പ്രസിദ്ധപ്പെടുത്തുമെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിലെ ധർചുലയെ ലിപുലേഖ് ചുരവുമായി ബന്ധിപ്പിക്കുന്ന പാത ഇന്ത്യ നിർമിക്കുന്നുണ്ട്. ഇതിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം നേപ്പാളിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്രയെ പ്രദീപ് കുമാർ ഗ്യാവാലി വിളിപ്പിച്ചിരുന്നു.
പിതോറഗഡ് ജില്ലയിൽ ഈയിടെ ഉദ്ഘാടനം കഴിഞ്ഞ റോഡുകളെല്ലാം പൂർണമായും തങ്ങളുടെ ഭൂമിയിലുള്ളതാണെന്ന് തുടർന്ന് ഇന്ത്യയും വ്യക്തമാക്കി.പ്രധാനമന്ത്രി കെ.പി. ശർമ ഒലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് രാജ്യത്തിെൻറ പുതിയ രാഷ്ട്രീയ ഭൂപടത്തിന് അംഗീകാരം നൽകിയതെന്ന് നേപ്പാൾ ധനകാര്യ മന്ത്രിയും സർക്കാർ വക്താവുമായി യുവരാജ് ഖടിവാഡ പറഞ്ഞു.
എന്നാൽ, ഭരണകക്ഷിയിെല മുതിർന്ന നേതാവും നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി സ്റ്റാൻഡിങ് കമ്മിറ്റി അംഗവുമായ ഗണേഷ് ഷാ ഇതിൽ വേറിട്ട അഭിപ്രായം രേഖപ്പെടുത്തി. തീരുമാനം കോവിഡ് കാലത്ത് നേപ്പാളും ഇന്ത്യയും തമ്മിലുള്ള അനാവശ്യ സംഘർഷത്തിനിടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയവും നയതന്ത്രപരവുമായ മാർഗങ്ങളിലൂടെ ഇന്ത്യയുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
1816ൽ നേപ്പാളും അന്നത്തെ ബ്രിട്ടീഷ് ഇന്ത്യ സർക്കാറും തമ്മിൽ ഒപ്പിട്ട സുഗൗലി കരാറാണ് പുതിയ ഭൂപടം തയാറാക്കാൻ നേപ്പാൾ കാര്യമായി ആശ്രയിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ കാലാപാനിയും ലിപുലേഖും തങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തി ഇന്ത്യ പുതിയ ഭൂപടം പുറത്തിറക്കിയിരുന്നു. ഇതിനുശേഷമാണ് തർക്കം പുതിയ തലത്തിലെത്തിയത്.
ലിപുലേഖ് ചുരത്തിൽനിന്ന് ഏതാണ്ട് 90 കിലോമീറ്റർ അകലെയാണ് തിബത്തിലെ കൈലാസ്-മാനസസരോവർ. അതിനാൽ, ഈ റോഡിന് ഇന്ത്യ-ചൈന പ്രതിരോധ കാര്യത്തിലും നിർണായക സ്ഥാനമുണ്ട്.
സൗഹാർദപരമായി പരിഹരിക്കണമെന്ന് ചൈന
ബെയ്ജിങ്: കാലാപാനി വിഷയം ഇന്ത്യയും നേപ്പാളും തമ്മിലുള്ള തർക്കമാണെന്നും ഇരുരാജ്യങ്ങളും അത് സൗഹാർദപരമായി പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും ചൈന പറഞ്ഞു. ഇരുരാജ്യങ്ങളും ഏകപക്ഷീയ നടപടികളിൽനിന്ന് വിട്ടുനിൽക്കണമെന്നും ചൈന അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.