ന്യൂഡൽഹി: പുതിയ 500, 2000 രൂപ നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍ എ.ടി.എമ്മുകളില്‍ ലഭ്യമാകും. എ.ടി.എമ്മുകള്‍ വ്യാഴാഴ്ച മുതൽ പ്രവര്‍ത്തിച്ചു തുടങ്ങും. ധനകാര്യ സെക്രട്ടറി അശോക് ലവാസയാണ് ഇക്കാര്യം അറിയിച്ചത്. നോട്ടുകളുടെ പിന്‍വലിക്കല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഇത് പരിഹരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്നും ധനകാര്യ സെക്രട്ടറി പറഞ്ഞു. അതേസമയം ഈ ആഴ്ച ശനിയും ഞായറും ബാങ്കുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു.
500, 2000 എന്നിവയുടെ പുതിയ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിയിട്ടുണ്ട്. നോട്ടുകള്‍ പിന്‍വലിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ നോട്ടുകള്‍ എത്തിൻ നടപടികള്‍ റിസര്‍വ് ബാങ്കും സര്‍ക്കാരും നേരത്തേ ആരംഭിച്ചിരുന്നു.
അതേസമയം, നിലവിലെ സാഹചര്യം കണക്കിലെടുത്ത് വ്യാഴാഴ്ച ബാങ്കുകളിൽ കൂടുതൽ താൽക്കാലിക കൗണ്ടർ ആരംഭിക്കാൻ എസ്.ബി.ഐ തീരുമാനിച്ചു. ഒരു ദിവസത്തെ അവധിക്കു ശേഷം ബാങ്കുകൾ തുറക്കുമ്പോഴുള്ള തിരക്ക് ഒഴിവാക്കാനാണ് നടപടി. പ്രധാന ശാഖകളിലെല്ലാം കൂടുതൽ കൗണ്ടറുകൾ തുറക്കും. അതേസമയം, മൂന്നുദിവസം എ.ടി.എമ്മുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതില്ലെന്ന് ചില സ്വകാര്യ ബാങ്കുകള്‍ വിവിധ ബ്രാഞ്ചുകൾക്ക് നിർദേശം നൽകിയതായും സൂചനകളുണ്ട്. പഴയ നോട്ടുകള്‍ മാറാന്‍ പ്രത്യേക ഫോം പൂരിപ്പിച്ച് നൽകണം. ആധാര്‍,തെരഞ്ഞെടുപ്പ് ഐഡി, പാന്‍കാര്‍ഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, തൊഴിലുറപ്പു കാർഡ് എന്നിവയിലൊന്ന് തിരിച്ചറിയൽ കാർഡായി സ്വീകരിക്കും.
സർക്കാർ ആശുപത്രികൾ, റെയിൽവേ ടിക്കറ്റ് കൗണ്ടർ, പൊതുഗതാഗത സംവിധാനം, പാൽ വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പഴയ നോട്ടുകൾ വെള്ളിയാഴ്ച വരെ സ്വീകരിക്കും. ശനിയാഴ്ച വരെ മെട്രോ സ്റ്റേഷനുകളിലും പഴയ നോട്ടുകൾ സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ഇതുകൂടാതെ വെള്ളിയാഴ്ച വരെ ടോൾബൂത്തുകളിൽ പണം നൽകേണ്ടതില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.