ന്യൂഡൽഹി: ഐ. പി സി, സി. ആർ. പി. സി, ഇന്ത്യൻ എവിഡൻസ് ആക്ട് തുടങ്ങിയവക്ക് പകരം കേന്ദ്ര സർക്കാർ സമർപ്പിച്ച ബില്ലുകൾ പിൻവലിക്കണമെന്ന് മുൻ നിയമമന്ത്രിയും, മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. ഇവ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കപ്പെടുമെന്നും, ഇത് രാജ്യത്തിന് ദോഷം ചെയ്യുമെന്നും സിബൽ പറഞ്ഞു. കോളണിയൽ കാലത്തെ നിയമങ്ങൾ മാറ്റുന്നതിനെ കുറിച്ച് സംസാരിക്കുന്ന കേന്ദ്ര സർക്കാർ രാജ്യത്ത് സ്വേച്ഛാധിപത്യം നടപ്പാക്കാനാണ് ശ്രമിക്കുന്നത്. രാജ്യത്തെ അഭിഭാഷകർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
"കേന്ദ്ര സർക്കാർ കൊളോണിയൽ കാലത്തെ നിയമങ്ങൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു, എന്നാൽ അവരുടെ ചിന്ത നിയമങ്ങളിലൂടെ രാജ്യത്ത് സ്വേച്ഛാധിപത്യം കൊണ്ടുവരുന്നതിനെ കുറിച്ചാണ്. സുപ്രീം കോടതിക്കും ഹൈകോടതി ജഡ്ജിമാർക്കും, മജിസ്‌ട്രേറ്റുമാർ, പൊതുപ്രവർത്തകർ, സി.എ.ജി (കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ), മറ്റ് സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെ നടപടിയെടുക്കാൻ കഴിയുന്ന അത്തരം നിയമങ്ങൾ ഉണ്ടാക്കാനാണ് കേന്ദ്രം ആഗ്രഹിക്കുന്നത്. ജഡ്ജിമാർ ജാഗരൂകരായിരിക്കണം. ഇത്തരം നിയമങ്ങൾ പാസാക്കിയാൽ രാജ്യത്തിന്റെ ഭാവി അപകടത്തിലാകും” - സിബൽ പറഞ്ഞു.
ഈ ബില്ലുകൾ അവതരിപ്പിച്ചതിലൂടെ കേന്ദ്ര സർക്കാരിന്റെ നയം വ്യക്തമാണ്. അവർക്ക് രാജ്യത്ത് സമാധാനമോ ജനാധിപത്യമോ വേണമെന്നില്ല. ജനങ്ങളെ നിയമങ്ങൾ കൊണ്ട് പീഡിപ്പിക്കുന്ന സർക്കാരാണ് രാജ്യം ഭരിക്കുന്നത്. പുതിയ ബില്ല് രാജ്യത്തെ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർലമെന്റിന്റെ വർഷകാല സമ്മേളനം നടന്ന അവസാന ദിവസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഭാരതീയ ന്യായ സൻഹിത (ബി.എൻ.എസ്) ബിൽ, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത (ബി.എൻ.എസ്.എസ്) ബിൽ, ഭാരതീയ സാക്ഷ്യ (ബി.എസ്) ബിൽ എന്നിവ ലോക്സഭയിൽ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ പീനല്‍ കോഡിന്റെ പേര് ‘ഭാരതീയ ന്യായ സംഹിത’യെന്നും ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിന്റെ പേര് ‘ഭാരതീയ നാഗരിക് സുരക്ഷാ സംഹിത’യെന്നും മാറ്റുമെന്ന് ഷാ പറഞ്ഞിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തിന്റെ അടയാളങ്ങൾ പൂർണമായും തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടിയാണ് നിലവിലെ ഭേദഗതി. ബ്രിട്ടീഷുകാർ ഇന്ത്യക്കാരിൽനിന്നുള്ള സംരക്ഷണത്തിനുണ്ടാക്കിയ ക്രിമിനൽ നിയമങ്ങൾ ഇന്ത്യക്കാരുടെ സംരക്ഷണത്തിനുള്ള നിയമമാക്കി മാറ്റുകയാണ് ചെയ്യുന്നതെന്ന് അമിത് ഷാ പറഞ്ഞു. ഇന്ത്യക്കാർക്ക് നീതി നൽകുകയായിരുന്നില്ല, മറിച്ച് ഇന്ത്യക്കാരെ ശിക്ഷിക്കുകയായിരുന്നു ബ്രിട്ടീഷുകാരുണ്ടാക്കിയ ക്രിമിനൽ നിയമങ്ങളുടെ ലക്ഷ്യമെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.