ഷില്ലോങ്: മേഘാലയയിൽ മന്ത്രിസഭ രൂപവത്കരണത്തിന് അവകാശവാദമുന്നയിച്ച് നിലവിലെ മുഖ്യമന്ത്രിയും നാഷനൽ പീപ്ൾസ് പാർട്ടി (എൻ.പി.പി) അധ്യക്ഷനുമായ കോൺറാഡ് സാങ്മ ഗവർണർ ഫാഗു ചൗഹാനെ കണ്ടു. 32ലേറെ എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നും 60 അംഗ സഭയിൽ വ്യക്തമായ ഭൂരിപക്ഷം ഉണ്ടെന്നും സാങ്മ അവകാശപ്പെട്ടു.മാർച്ച് ഏഴിന് മേഘാലയയിൽ പുതിയ മന്ത്രിസഭ അധികാരമേൽക്കുമെന്നും സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നും ഗവർണറെ സന്ദർശിച്ച ശേഷം സാങ്മ അവകാശപ്പെട്ടു. ‘ഞങ്ങൾക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്. ബി.ജെ.പി, എച്ച്.എസ്.പി.ഡി.പി, രണ്ടു സ്വതന്ത്രർ എന്നിവർ പിന്തുണക്കുന്ന കത്ത് ഗവർണർക്ക് സമർപ്പിച്ചിട്ടുണ്ട്. മറ്റു ചിലരും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്’ -സാങ്മ മാധ്യമങ്ങളോട് പറഞ്ഞു. പിന്തുണ വാഗ്ദാനം ചെയ്ത മറ്റു കക്ഷികളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചില്ല.
ഇതിനിടെ, എൻ.പി.പി-ബി.ജെ.പി രഹിത സർക്കാർ എന്ന ലക്ഷ്യത്തിൽ കോൺഗ്രസും തൃണമൂൽ കോൺഗ്രസും ഒപ്പം 11 എം.എൽ.എമാരുള്ള യു.ഡി.പിയും മറ്റു ചില പാർട്ടികളും ചേർന്ന് സംസ്ഥാനത്ത് സമാന്തര നീക്കം നടത്തുന്നുണ്ട്. അഴിമതിയിൽ മുങ്ങിയ നേതാക്കളിൽനിന്ന് മേഘാലയയെ രക്ഷിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് തൃണമൂൽ നേതാവ് മുകുൾ സാങ്മ പറഞ്ഞു. അതേസമയം, എൻ.പി.പി-ബി.ജെ.പി ഇതര മുന്നണികളുടെ യോഗത്തിൽനിന്ന് രണ്ട് എച്ച്.എസ്.പി.ഡി.പി. എം.എൽ.എമാർ വിട്ടുനിന്നത് ശ്രദ്ധേയമായി. എച്ച്.എസ്.പി.ഡി.പി എം.എൽമാരെ എൻ.പി.പി ഹൈജാക്ക് ചെയ്തുവെന്നാണ് ആരോപണം. ആരോപണം നിഷേധിച്ച കോൺറാഡ് സാങ്മ, ആരും ആരെയും ഹൈജാക്ക് ചെയ്തിട്ടില്ല എന്ന് പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് നടന്ന 59 മണ്ഡലങ്ങളിൽ 26 എണ്ണത്തിൽ ജയിച്ചാണ് എൻ.പി.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. സ്ഥാനമൊഴിയുന്ന മന്ത്രിസഭയിൽ എൻ.പി.പിയുടെ സഖ്യകക്ഷിയായിരുന്ന യു.ഡി.പി 11 സീറ്റുമായി രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയാണ്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് എന്നിവർ അഞ്ചു വീതം സീറ്റു നേടി. പുതിയ കക്ഷിയായ വി.പി.പി നാലു സീറ്റിലും ജയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.