ന്യൂഡൽഹി: മുസ്ലിം ബഹുഭാര്യത്വം, നികാഹ് ഹലാല എന്നിവയുടെ ഭരണഘടന സാധുത ചോദ്യംചെയ്തുള്ള ഹരജിയിൽ വാദം കേൾക്കാൻ പുതിയ അഞ്ചംഗ ബെഞ്ചിന് യോജിച്ച സമയത്ത് രൂപംനൽകുമെന്ന് സുപ്രീംകോടതി. അശ്വിനി ഉപാധ്യായ വഴി സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ വാദം കേൾക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പർദിവാല എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യമറിയിച്ചത്.
കഴിഞ്ഞവർഷം ആഗസ്റ്റ് 30ന് ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, ഹേമന്ദ് ഗുപ്ത, സൂര്യകാന്ത്, എം.എം. സുന്ദരേശ്, സുദാൻശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് ദേശീയ മനുഷ്യാവകാശ കമീഷൻ, ദേശീയ വനിത കമീഷൻ, ദേശീയ ന്യൂനപക്ഷ കമീഷൻ എന്നിവരെ കേസിൽ കക്ഷി ചേർക്കുകയും ഹരജിയിൽ അഭിപ്രായം അറിയിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു.
എന്നാൽ, അഞ്ചംഗ ബെഞ്ചിലെ ജസ്റ്റിസ് ഗുപ്തയും ജസ്റ്റിസ് ബാനർജിയും വൈകാതെ വിരമിച്ചു. ഇതോടെയാണ് പുതിയ ബെഞ്ച് രൂപവത്കരണം അനിവാര്യമായത്. ഇതേ വിഷയത്തിൽ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള മറ്റു കേസുകളും പുതിയ ബെഞ്ചിന്റെ പരിഗണനയിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.