Nirmala Sitharaman

പുതിയ ആദായ നികുതി ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചു

ന്യൂഡൽഹി: പുതിയ ആദായ നികുതി ബില്ല് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു. 1961ലെ ആദായ നികുതി നിയമത്തിന്റെ സമഗ്ര പരിഷ്‍കരണം ലക്ഷ്യമിട്ട് തയാറാക്കിയ ബില്ലാണ് ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ചത്. നികുതി സമ്പ്രദായം ലളിതമാക്കുകയും ആധുനികവത്കരിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു.ബില്ല് മാർച്ച് 10ന് സംയുക്ത പാർലമെന്ററി സമിതിക്കു മുന്നിൽ സമർപ്പിക്കും.

ധനമന്ത്രി പാർലമെന്റിൽ ബിൽ അവതരിപ്പിക്കുമ്പോൾ ചില പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. ചില എം.പിമാർ ബില്ലിനെതിരെ ശക്തമായ വാദങ്ങളുന്നയിക്കുകയും ചെയ്തു.

നികുതിദായകർക്ക് എളുപ്പം മനസിലാകാൻ കഴിയുന്ന തരത്തിലുള്ളതാണ് ബില്ലിലെ വ്യവസ്ഥകളെന്നാണ് അവകാശവാദം. അതേസമയം, പഴയതിനേക്കാൾ സങ്കീർണമാണ് പുതിയ നികുതി ബില്ലെന്ന് ആർ.എസ്.പിയുടെ എൻ.കെ. പ്രേമചന്ദ്രൻ വിമർശിച്ചു. ​തീർത്തും മെക്കാനിക്കൽ ആണ് പുതിയ ബില്ലെന്ന് തൃണമൂൽ കോൺഗ്രസ് എം.പി സൗഗത റോയിയും കുറ്റപ്പെടുത്തി. എന്നാൽ എം.പിമാർ തെറ്റിദ്ധരിച്ചതാണ് എന്നായിരുന്നു നിർമല സീതാരാമന്റെ മറുപടി. നിയമത്തിലെ 819 സെക്ഷനുകൾ 536 ആയി പുതിയ നിയമത്തിൽ കുറച്ചിട്ടുണ്ടെന്നും നിർമല ചൂണ്ടിക്കാട്ടി.

നികുതിദായകര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന തരത്തില്‍ ലളിതമായാണ് ബില്ലിലെ വ്യവസ്ഥകള്‍ വിശദമാക്കിയിട്ടുള്ളത് എന്നാണ് പറയുന്നത്. പുതിയ നികുതികള്‍ ബില്ലിലില്ല. നിയമപരമായ സങ്കീര്‍ണതകള്‍ കുറയ്ക്കുന്നതിനും എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനുമാണ് പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് ധനകാര്യ സെക്രട്ടറി നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.

പഴയ നിയമപ്രകാരം മുൻ വർഷത്തെ (പ്രീവിയസ് ഇയർ) വരുമാനത്തിനാണ് വിലയിരുത്തൽ വർഷത്തിൽ (അസസ്‌മെന്റ് ഇയർ) നികുതി നൽകുന്നത്. എന്നാൽ, പുതിയ ബില്ലിൽ നികുതി വർഷം (ടാക്‌സ് ഇയർ) മാത്രമേയുള്ളൂ. വിലയിരുത്തൽ വർഷം എന്നത് ഒഴിവാക്കി. അതുപോലെ ആധുനികകാലത്തെ മുന്നിൽക്കണ്ട് വെർച്വൽ ഡിജിറ്റൽ ആസ്തികൾ, ക്രിപ്‌റ്റോ ആസ്തികൾ എന്നിവയിൽ കൂടുതൽ വ്യക്തത വരുത്താനും 2025ലെ ബില്ലിൽ ശ്രമിച്ചിട്ടുണ്ട്. പുതിയ നിയമം 2026 ഏപ്രിൽ ഒന്നു മുതൽ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

Tags:    
News Summary - New Income Tax Bill Tabled In Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.