രാജ്യത്ത് പുതിയ തൊഴിൽ നിയമങ്ങൾ ഇന്നുമുതൽ നടപ്പിലാക്കില്ല

ന്യൂഡൽഹി: രാജ്യത്ത് പുതിയ തൊഴിൽ നിയമങ്ങൾ ഇന്ന് മുതൽ നടപ്പിലാവില്ല. ജൂലൈ ഒന്നിന് തൊഴിൽ നിമയങ്ങൾ നടപ്പിൽ വരുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അഭ്യൂഹം. തൊഴിൽ നിയമങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ ചർച്ചകളും തീരുമാനങ്ങളും രൂപപ്പെടുന്നതേയുള്ളൂവെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറ‍യുന്നു.

നിലവിലുണ്ടായിരുന്ന തൊഴില്‍നിയമം നാല്‌ ലേബര്‍ കോഡുകളായി ക്രോഡീകരിച്ചാണു പാര്‍ലമെന്റ്‌ പാസാക്കിയത്‌. ശമ്പളം, സാമൂഹികസുരക്ഷ, തൊഴില്‍ബന്ധങ്ങള്‍, തൊഴില്‍സുരക്ഷ, ആരോഗ്യം, തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണു പരിഷ്‌കരണം. മുമ്പുണ്ടായിരുന്ന 29 കേന്ദ്ര തൊഴില്‍നിയമങ്ങള്‍ വിലയിരുത്തിയും ഏകീകരിച്ചുമാണു നാല്‌ ലേബര്‍ കോഡുകള്‍ തയാറാക്കിയത്‌.

രാജിവെക്കുകയോ പിരിച്ചുവിടപ്പെടുകയോ ചെയ്യുന്ന ജീവനക്കാരന്റെ ശമ്പളവും മറ്റ്‌ കുടിശികകളും അയാള്‍ ജോലിചെയ്‌ത അവസാനദിവസം മുതല്‍ രണ്ടുദിവസത്തിനകം സ്‌ഥാപനം നല്‍കണമെന്നു പാര്‍ലമെന്റ്‌ പാസാക്കിയ പുതിയ ശമ്പളനിയമ(വേജ്‌ കോഡ്‌)ത്തില്‍ പറയുന്നു. നിലവില്‍ പിന്തുടരുന്ന ചട്ടപ്രകാരം ഈ കാലാവധി 45-60 ദിവസമാണ്‌. ചില കേസുകളില്‍ ഇത്‌ 90 ദിവസംവരെ നീളുന്നു. രാജിക്കും പിരിച്ചുവിടലിനും പുറമേ, സ്‌ഥാപനം പൂട്ടിപ്പോയാലും ജീവനക്കാരന്‌ അവസാനപ്രവൃത്തിദിവസം മുതല്‍ രണ്ടുദിവസത്തിനകം ശമ്പളവും കുടിശികകളും നല്‍കണം.

പുതിയ വേജ്‌ കോഡ്‌ പ്രകാരം 23 സംസ്‌ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും മാത്രമാണു കരട്‌ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളതെന്നു കേന്ദ്ര തൊഴില്‍ സഹമന്ത്രി രാമേശ്വര്‍ തേലി വ്യക്‌തമാക്കി. ശമ്പളം/കുടിശിക ഒത്തുതീര്‍പ്പാക്കാനുള്ള കാലാവധി സംബന്ധിച്ച്‌ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ സംസ്‌ഥാനങ്ങള്‍ക്കു തീരുമാനമെടുക്കാനും വേജ്‌ കോഡ്‌ അനുവാദം നല്‍കുന്നു.

ജോലിസമയവര്‍ധന, പി.എഫ്‌. വിഹിതം, കൈയില്‍ കിട്ടുന്ന ശമ്പളത്തിലെ കുറവ്‌ എന്നിവ സംബന്ധിച്ച്‌ കേന്ദ്രനിയമത്തിലെ വ്യവസ്‌ഥകള്‍ വിവാദമായിരുന്നു. ജോലിസമയം 8-9 മണിക്കൂറില്‍നിന്നു കമ്പനികള്‍ക്കു 12 മണിക്കൂര്‍വരെ വര്‍ധിപ്പിക്കാന്‍ പുതിയ നിയമപ്രകാരം കഴിയും. എന്നാല്‍, ഈ സാഹചര്യത്തില്‍ തൊഴിലാളിക്ക്‌ ആഴ്‌ചയില്‍ മൂന്നുദിവസം അവധി നല്‍കണം.

Tags:    
News Summary - new labor laws will not take effect from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.