ഡൽഹി: സമരം ചെയ്യുന്ന കർഷകർക്ക് ആവശ്യമായ മെഡിക്കൽ സഹായവുമായി എൻ.ജി.ഒ സംഘടന. സിങ്കു അതിർത്തിയിൽ ആറ് ഡോക്ടർമാരുള്ള സംഘവും രണ്ട് ആംബുലൻസുകളും അവർക്കായി സജ്ജമാക്കിയിട്ടുണ്ട്. 2500 ഓളം പേർക്ക് ഇതുവരെ ചികിത്സ നൽകിയിട്ടുണ്ടെന്ന് യു.എസ് ആസ്ഥാനമായുള്ള യുനൈറ്റഡ് സിഖ്സ് ഓർഗനൈസേഷൻ ഇന്ത്യൻ ചാപ്റ്റർ ഡയറക്ടർ പ്രീതം സിംഗ് പറഞ്ഞു.
'ഞങ്ങളുടെ എൻ.ജി.ഒ നിയമ, മെഡിക്കൽ, ദുരന്ത മേഖലകളിൽ ആശ്വാസം നൽകിവരുന്നു. കുറച്ച് ദിവസങ്ങളായി ഞങ്ങൾ ഇവിടെ കർഷകർക്ക് മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കുന്നു. ആറ് ഡോക്ടർമാർ ഇപ്പോൾ ഇവിടെയുണ്ട്. താത്കാലിക ആശുപത്രി സംവിധാനമുണ്ട്. എന്തെങ്കിലും ഗുരുതര പ്രശ്നങ്ങൾ സംഭവിച്ചാൽ ആശുപത്രിയിലേക്ക് കൊണ്ടുപോവും'-സിംഗ് പറഞ്ഞു.
പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചതിനെതുടർന്ന് ചില കർഷകർക്ക് പരിക്കേറ്റു. പലർക്കും ഉയർന്ന രക്തസമ്മർദ്ദ പ്രശ്‌നങ്ങളുണ്ട്. ശരിയായി ഉറങ്ങാൻ പറ്റാത്തതിനാൽ പേശി, നടുവേദനയുള്ളവരുമാണ് ഏറെയും. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി അവർക്ക് സൗജന്യ മാസ്കുകൾ, ഹാൻഡ് സാനിറ്റൈസറുകൾ നൽകിയിട്ടുണ്ട്. പക്ഷേ അവർക്ക് അതല്ല പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അഞ്ചാം വട്ട യോഗം നടന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സർക്കാർ ഇതുവരെ അംഗീകരിച്ച കാര്യങ്ങൾ രേഖാമൂലം എഴുതി നൽകണമെന്ന് കർഷകസംഘടനകൾ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ചർച്ച അധികം നീട്ടേണ്ടതില്ലെന്നും സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും യോഗത്തിൽ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസർക്കാരിനെതിരായ സമരവുമായി മധ്യപ്രദേശിൽ നിന്നുള്ള കർഷകർ ഡൽഹി-ആഗ്ര ദേശീയപാത ഉപരോധിക്കുകയാണ്. ഹരിയാനയിലെ പൽവലിലാണ് ഉപരോധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.