ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിലെ വെള്ളക്കെട്ട്; ദേശീയപാതാ അതോറിറ്റി ഇടപെടുമെന്ന് മുഖ്യമന്ത്രി

ബം​ഗളൂരു: ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ മഴയിൽ വെള്ളക്കെട്ടിൽ മുങ്ങിയ സംഭവത്തിൽ ദേശീയപാതാ അതോറിറ്റി ഇടപെടുന്നു. രാമനഗറിലെ വെള്ളക്കെട്ട് പരിഹരിക്കുമെന്ന് ദേശീയപാതാ അതോറിറ്റി ഉറപ്പുനൽകിയതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. മഴയിൽ ചെറിയ പ്രശ്നങ്ങളുണ്ടാകുന്നത് സ്വാഭാവികം മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മാർച്ച് 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കർണാടകയിലെ ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ ചെറിയ മഴയിൽ തന്നെ വെള്ളക്കെട്ടിലായത് സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനത്തിനിടയാക്കിയിരിക്കുകയാണ്. പാതയിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായതിനെ തുടർന്ന് ഗതാഗതം പതുക്കെയായി. ഇതോടെ, പ്രവൃത്തി കൃത്യമായി പൂർത്തിയാക്കാതെയാണ് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പാത തുറന്നതെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനമുയർന്നു.


രാമനഗര ജില്ലയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രി പെയ്ത മഴയിലാണ് ഹൈവേ റോഡ് മുങ്ങിയത്. ചെറിയ മഴ മാത്രമേ പെയ്തുള്ളൂവെങ്കിലും റോഡിൽ വൻ വെള്ളക്കെട്ടുണ്ടായി. വെള്ളക്കെട്ടിന്‍റെ വിഡിയോകളും പ്രചരിക്കുന്നുണ്ട്. നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ പെട്ട് തകരാർ സംഭവിച്ചു. വാഹനങ്ങൾ അപകടത്തിൽപെട്ടതായും റിപ്പോർട്ടുകളുണ്ട്.


ഹൈവേ അടിപ്പാതയായി കടന്നുപോകുന്ന ഇടങ്ങളിലാണ് വെള്ളക്കെട്ട്. വെള്ളക്കെട്ട് തടയാനുള്ള സംവിധാനങ്ങൾ ഇവിടെ സ്വീകരിച്ചിട്ടില്ലെന്ന് വ്യക്തം. കഴിഞ്ഞ വർഷം പാതയുടെ പ്രവൃത്തി നടക്കുന്ന സമയം പലയിടത്തും വലിയ വെള്ളക്കെട്ടുണ്ടായിരുന്നു. ഇതിന് പരിഹാരം കണ്ടാണ് പണി പൂർത്തിയാക്കൂവെന്ന് അന്ന് ദേശീയപാതാ അതോറിറ്റി ഉറപ്പുനൽകിയിരുന്നു. പണി പൂർത്തിയാക്കാതെയാണോ റോഡ് ഉദ്ഘാടനം ചെയ്തത് എന്നാണ് പലരും ചോദിക്കുന്നത്. 

Tags:    
News Summary - NHAI will resolve rainwater stagnation issue in underpass of Mysuru-Bengaluru Expressway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.