മുംബൈ: യു.എ.പി.എ ചുമത്തപ്പെട്ട് കസ്റ്റഡിയിൽ കഴിയവെ മരിച്ച ക്രൈസ്തവ പുരോഹിതൻ ഫാ. സ്റ്റാൻ സ്വാമിയെ ജയിലിലടച്ച ശേഷം ഒരുദിവസംപോലും എൻ.െഎ.എ ചോദ്യം ചെയ്തില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ. ''2020 ഒക്ടോബറിൽ അറസ്റ്റ് ചെയ്ത ശേഷം കഴിഞ്ഞ ഞായറാഴ്ച മരണപ്പെടുന്നതുവരെ അദ്ദേഹത്തെ എൻ.െഎ.എ ചോദ്യം ചെയ്തിട്ടില്ല. അവർക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ, കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാമായിരുന്നു. പക്ഷേ അദ്ദേഹത്തോട് ചോദിക്കാൻ അവർക്ക് ഒന്നുമില്ലായിരുന്നു" -അഡ്വ. മിഹിർ ദേശായി ന്യൂസ് മിനിട്ടിനോട് പറഞ്ഞു.
"അറസ്റ്റിന് മുമ്പ് ചോദ്യം ചെയ്യൽ ഉണ്ടായിരുന്നു. എന്നാൽ, പിന്നീട് ഒന്നും ചോദിക്കാതെ വെറുതെ അദ്ദേഹത്തെ തടവിലിടുകയായിരുന്നു. യു.എ.പി.എ ചുമത്തി, "അപകടകാരിയായ വ്യക്തി" ആണെന്ന് മുദ്രകുത്തി സ്വാമിയുടെ ജാമ്യത്തെ ദേശീയ അന്വേഷണ ഏജൻസി നിരന്തരം എതിർത്തു. അദ്ദേഹം അക്രമങ്ങളുടെ സൂത്രധാരനാണെന്ന് അവർ പറഞ്ഞു കൊണ്ടിരുന്നു. ആരോഗ്യനില മോശമായതിനാൽ വെള്ളം കുടിക്കാൻ സ്ട്രോ വേണമെന്ന ആവശ്യത്തെ പോലും അവർ കോടതിയിൽ എതിർത്തു" -അഡ്വ. ദേശായി പറഞ്ഞു.
2018 ജനുവരി ഒന്നിന് പൂണെക്കടുത്ത് ഭീമ -കൊറെഗാവ് യുദ്ധത്തിന്‍റ 200ാം വാർഷികത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിലാണ് സ്വാമിയെ അറസ്റ്റ് ചെയ്തത്. 2020 ഒക്ടോബറിൽ കോവിഡ് വ്യാപന വേളയിലായിരുന്നു ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഇദ്ദേഹത്തെ പിടികൂടിയത്. യു.എ.പി.എ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. പാർക്കിൻസൺസ് ഉൾപ്പെടെ കടുത്ത രോഗങ്ങൾ അലട്ടുന്ന 84 കാരനായ സ്വാമിക്ക് കസ്റ്റഡി കാലത്ത് കോവിഡ് -19ഉം ബാധിച്ചിരുന്നു.
അസുഖം കലശലായതിനാൽ തനിയെ ഭക്ഷണം കഴിക്കാനോ കുളിക്കാനോ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മേയ് 21 ന് അദ്ദേഹം ബോംബെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. ജന്മനാടായ റാഞ്ചിയിലേക്ക് മടങ്ങാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, ബാന്ദ്രയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകാനായിരുന്നു കോടതി ഉത്തരവ്. ആശുപത്രിയിൽ കഴിയവേ, ജൂലൈ നാലിന് ഹൃദയാഘാതത്തെ തുടർന്ന് വെന്‍റിലേറ്റർ ഘടിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.