ഒട്ടാവ: ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യൻ പൗരന്മാർ പിടിയിലായെന്ന് റിപ്പോർട്ട്. കരൻ പ്രീത് സിങ്, കമൽ പ്രീത് സിങ്, കരൻ ബ്രാർ എന്നിവരാണ് പിടിയിലായത്. നിജ്ജാറിനെ വെടിവച്ചയാൾ, ഡ്രൈവർ, നിജ്ജാറിന്റെ നീക്കങ്ങൾ നിരീക്ഷിച്ചയാൾ എന്നിവരാണിതെന്ന് കാനഡ ആസ്ഥാനമായ സി ടിവി ചാനൽ റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച രാവിലെ എഡ്മണ്ടണിലെ താമസസ്ഥലത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിദ്യാർഥികളായാണ് പ്രതികൾ കാനഡയിൽ എത്തിയതെന്ന് പൊലീസ് പറയുന്നു. 10 മാസം താമസം വന്നാലും കുടുംബത്തിനും സമുദായത്തിനും അനുകൂലമായ നടപടിയാണ് പൊലീസ് സ്വീകരിച്ചിട്ടുള്ളതെന്ന് ബി.സി. ഗുരുദ്വാര കൗൺസിൽ വക്താവ് മൊനീന്ദർ സിങ് പറഞ്ഞു.
നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ കാനഡ ആസ്ഥാനമായ സി.ബി.സി ന്യൂസ് മാർച്ച് ഒമ്പതിന് പുറത്തുവിട്ടരുന്നു. കൊലപാതകം നടന്ന് ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. നിജ്ജാറിന്‍റെ ചാരനിറത്തിനുള്ള ടോഡ്ജ് റാം പിക്കപ്പ് ട്രക്ക് ഗുരുദ്വാരയിൽ നിന്ന് പുറത്തേക്ക് പോകുന്നതും വെള്ള സെഡാൻ കാർ ട്രക്കിന് തടസം തീർക്കുന്നതും രണ്ടു പേർ ഓടി നിജ്ജാറിന്‍റെ സമീപമെത്തി വെടിയുതിർക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
2023 ജൂൺ 18ന് ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയിൽ വെച്ചാണ് ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെടുന്നത്. നിജ്ജാറിന്‍റെ വധത്തിന് പിന്നിൽ ‘ഇന്ത്യൻ സർക്കാറിന്‍റെ കരങ്ങളാണെ’ന്ന വെളിപ്പെടുത്തൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്‍റിൽ നടത്തുകയും ചെയ്തു. ആരോപണത്തിനു പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം തകരുകയും ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും ചെയ്തിരുന്നു.
ജലന്ധറിലെ ഭർസിങ്പുര ഗ്രാമവാസിയും 46കാരനുമായ ഹർദീപ് സിങ് നിജ്ജാർ, ഗുരു നാനാക്ക് സിഖ് ഗുരുദ്വാര സാഹിബ് തലവനും ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് ചീഫുമായിരുന്നു. സിഖ് ഫോർ ജസ്റ്റിസുമായും ബന്ധപ്പെട്ടും പ്രവർത്തിച്ചിരുന്നു. ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ പരിശീലനം, ധനസഹായം, നെറ്റ്‌വർക്കിങ് എന്നിവയിൽ സജീവമാണ് ഹർദീപ് എന്നാണ് ഇന്ത്യ സർക്കാർ പറയുന്നത്. എൻ.ഐ.എ രജിസ്റ്റർ ചെയ്ത ഒരു കേസിലും പ്രതിയാണ്. 10 ലക്ഷം രൂപയാണ് കൊടും ഭീകരനുമായ നിജ്ജാറിന്‍റെ തലക്ക് ഇന്ത്യ വിലയിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.