ചെന്നൈ: കനത്ത മഴയിൽ വെല്ലൂർ ജില്ലയിലെ പേരണാംപട്ടിൽ വീട് തകർന്നുവീണ് ഒമ്പതു പേർ മരിച്ചു. ഒമ്പതു പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ നാലു കുട്ടികളും നാലുസ്ത്രീകളും ഉൾപ്പെടുന്നു. ഹനീഷ ബീഗം (63), മരുമക്കളായ റുഹിനാഷ് (27), മിസ്ബ ഫാത്തിമ (22), പേരമക്കളായ മനുല (എട്ട്), ഹബീറ (നാല്), ഹബ്റ (മൂന്ന്), തമീദ് (രണ്ട്), അധ്യാപിക ഹൗസർ (45), മകൾ ധൻഷില (27) എന്നിവരാണ് മരിച്ചത്. മുഹമ്മദ് കൗസിഫ്, മുഹമ്മദ് തൗഷിഖ്, സനു അഹ്മദ്, ഹബീബ് ആലം, ഇല്യാസ് അഹ്മദ്, ഹാജിറ, നാസിറ, ഹാജിറ നിഖാദ്, മൊയ്തീൻ എന്നിവർക്ക് പരിക്കേറ്റു. ഹാജിറ നിഖാത്, മൊയ്തീൻ എന്നിവരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച പുലർച്ച ആറു മണിയോടെയാണ് സംഭവം. താഴത്തെ നിലയിൽ ഹനീഷ ബീഗവും കുടുംബവും മുകളിലത്തെ നിലയിൽ വാടകക്ക് അധ്യാപികയായ ഹൗസറും കുടുംബവുമാണ് താമസിച്ചിരുന്നത്.
വീട് ഇടിഞ്ഞുവീഴുന്ന സമയത്ത് എല്ലാവരും ഉറക്കത്തിലായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടന്ന മൃതദേഹങ്ങൾ പ്രൊക്ലെയിനറുകളുടെ സഹായത്തോടെ പൊലീസും ഫയർഫോഴ്സും ചേർന്ന് പുറത്തെടുത്തു. പരിക്കേറ്റവരെ പേരണാംപട്ട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മഴ മൂലം പ്രദേശത്ത് വെള്ളം കയറിയതിനാൽ സമീപ വീടുകളിൽ താമസിക്കുന്നവരും ഇൗ വീട്ടിലാണ് അഭയംപ്രാപിച്ചിരുന്നത്.
മൊത്തം 18 പേരാണ് വീട്ടിനകത്തുണ്ടായിരുന്നത്. ജില്ല കലക്ടർ കുമാരവേൽ പാണ്ഡ്യൻ, ആർ.ഡി.ഒ ധനജ്ഞയൻ, തഹസിൽദാർ വെങ്കടേശൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപയും പരിക്കേറ്റവർക്ക് അര ലക്ഷം രൂപയും വീതം ധനസഹായം നൽകാൻ അദ്ദേഹം ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.