ചിറ്റൂർ: ''എന്‍റെ പൊന്നുമോൻ മരിക്കാൻ വേണ്ടി നിങ്ങൾ പ്രാർഥിക്കണം.. ഒരു അമ്മയെന്ന നിലയിൽ എനിക്ക് മോനെ ഈ അവസ്ഥയിൽ കാണ്ടുനിൽക്കാനാകുന്നില്ല. വലിയ വലിയ ആശുപത്രിയിൽ കൊണ്ടുപോകാനുള്ള സാമ്പത്തിക ശേഷിയും ഞങ്ങൾക്കില്ല... മരണത്തിനായി പ്രാർത്ഥിക്കാൻ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു...'' ആശുപത്രികൾ കയറിയിറങ്ങി മടുത്ത ശേഷം ആ അമ്മ ഇന്നലെ കോടതിയിൽ എത്തി മജിസ്‌ട്രേറ്റിന് കൊടുത്ത സങ്കട ഹരജിയിലെ വരികളാണിത്. ഒമ്പതുവയസ്സുള്ള മകൻ ഹർഷവർധനെ ദയാവധത്തിന് അനുവദിക്കണമെന്ന അപേക്ഷ. പക്ഷേ, കോടതിയുടെ വ്യവഹാരക്കണക്കിൽ ഇടം പിടിക്കാനോ ഈ ലോകത്തിന്‍റെ 'ദയ'ക്കോ ആ മോൻ കാത്തുനിന്നില്ല. അമ്മയോടൊപ്പം കോടതിയിൽനിന്ന് മടങ്ങവേ, അച്ഛന്‍റെ തോളിൽ തലചായ്ച്ച് കിടന്ന് അവൻ അന്ത്യശ്വാസം വലിച്ചു.
ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലെ പുങ്കനൂർ സിവിൽ കോടതി പരിസരത്തായിരുന്നു ചൊവ്വാഴ്ച ഏവരുടെയും കരളലിയിച്ച ഈ രംഗം. അഞ്ചുവയസ്സുമുതൽ ഗുരുതര അസുഖം ബാധിച്ച മകൻ ഹർഷവർധന് ദയാവധത്തിന് അനുമതി തേടിയാണ് അരുണമ്മയും ഭർത്താവും കോടതിയുടെ പടി ചവിട്ടിയത്. നാലുവർഷമായി മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടെന്നും നിരവധി ആശുപത്രികൾ കയറിയിറങ്ങിയിട്ടും സുഖം പ്രാപിച്ചിട്ടില്ലെന്നും മജിസ്‌ട്രേറ്റിന് നൽകിയ ഹരജിയിൽ അമ്മ പറഞ്ഞു.
തുടർന്ന് കോടതിയിൽനിന്ന് വീട്ടിലേക്ക് പോകാൻ ഓട്ടോയിൽ കയറിയ ഉടൻ പിതാവിന്‍റെ തോളിൽ തലചായ്ച്ച് കിടന്ന ഹർഷവർധൻ മരണപ്പെടുകയായിരുന്നു. ഈ ദമ്പതികളുടെ ഏകമകനാണിത്.
കുട്ടിയെ തിരുപ്പതി ആർ.യു.ഐ.എ, തമിഴ്‌നാട്ടിലെ വെല്ലൂർ തുടങ്ങി നിരവധി ആശുപത്രികളിൽ ചികിത്സയ്ക്കായി മാതാപിതാക്കൾ കൊണ്ടുപോയിരുന്നു. എന്നാൽ, ആരോഗ്യനില മെച്ചപ്പെട്ടിട്ടില്ല. ''മകന്‍റെ അവസ്ഥയിൽ യാതൊരു പുരോഗതിയും ഇല്ലാത്തതിനാലാണ് ഞാൻ ദയാവധം തേടിയത്. ഞങ്ങൾക്ക് കണ്ടുനിൽക്കാൻ കഴിയുന്നതായിരുന്നില്ല മകന്‍റെ ദുരിതം'' -മാതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.